ചെന്നൈ: കോൺഗ്രസിന് വേണ്ടി ഹാട്രിക്ക് വിജയം നേടിയ ശേഷം ബി ജെ പിയിൽ ചേരാനായി രാജിവച്ച വിജയധാരണിക്ക് സീറ്റില്ല. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എം എൽ എ സ്ഥാനം രാജിവച്ച വിജയധാരണിക്ക് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും ലോക് സഭയിലേക്കും ബി ജെ പി സീറ്റ് നൽകിയില്ല. വിളവങ്കോട് മണ്ഡലത്തിൽ വി എസ് നന്ദിനിക്കാണ് ബി ജെ പി സീറ്റ് നൽകിയത്. വിജയധാരണി എം എൽ എ സ്ഥാനം രാജിവച്ചതുകൊണ്ടാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വിളവങ്കോട് നിയമസഭ സീറ്റോ കന്യാകുമാരി ലോക്സഭ സീറ്റോ വിജയധാരണിക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഈ രണ്ട് സീറ്റും ബി ജെ പി നൽകിയില്ല. അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും കോൺഗ്രസിന്‍റെ നിയമസഭാ വിപ്പുമായിരുന്നു നേരത്തെ വിജയധാരണി. ബി ജെ പിയിലേക്ക് കൂടുമാറാനായിരുന്നു ഇവർ എം എൽ എ സ്ഥാനം രാജിവച്ചത്. ഹാട്രിക്ക് വിജയം നേടിയിട്ടും അർഹമായ പ്രാധാന്യം പാർട്ടി നേതൃത്വം നൽകാത്തതിലുള്ള അതൃപ്തി രേഖപ്പെടുത്തിയാണ് വിജയധാരണി കോൺഗ്രസ് വിട്ടത്.
കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിൽനിന്ന് തുടർച്ചയായി മൂന്നുതവണ വിജയിച്ച് നിയമസഭാംഗമായ വിജയധാരണി കന്യാകുമാരിയിൽ ലോക്‌സഭാ സീറ്റിനുവേണ്ടി പലതവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ബി ജെ പി സീറ്റ് നിഷേധിച്ചതോടെ വിജയധാരണിയുടെ അടുത്ത നീക്കം എന്താകും എന്നാണ് കണ്ടറിയേണ്ടത്.