ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ഒന്നാം ടെർമിനലിന്റെ മേൽക്കൂര തകർന്ന് ഒരാൾ ദാരുണമായി കൊല്ലപ്പെട്ട സംഭവം പ്രതിപക്ഷത്തിന്റെ തലയിലിടാനുള്ള ബി.ജെ.പിയുടെയും വ്യോമയാന മന്ത്രി റാംമോഹൻ നായിഡുവിന്റെയും അടവ് ബൂമറാങ് പോലെ തിരിച്ചടിച്ചു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ മഴയിൽ ടെർമിനലിന്റെ വൻതൂണുകൾ നിർത്തിയിട്ട കാറുകൾക്ക് മുകളിൽ വീണാണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ മാർച്ച് 11ന് നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച ടെർമിനലിന്റെ മേൽക്കൂരയാണ് തകർന്നത്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പണിപൂർത്തിയാകാതെ ധിറുതിയിൽ ഉദ്ഘാടനം ചെയ്തതാണ് അപകടകാരണമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചിരുന്നു.
എന്നാൽ, ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് നിർമിച്ച മേൽക്കൂരയാണ് ഇപ്പോൾ തകർന്നുവീണതെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള ഇപ്പോഴത്തെ പ്രതിപക്ഷമാണ് അതിനുത്തരവാദിയെന്നുമാണ് സംഘ്പരിവാർ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ‘ഇന്ദിരാഗാന്ധി ഇൻറർനാഷനൽ എയർപോർട്ടിന്റെ ടെർമിനൽ-1ൽ തകർന്നുവീണ മേൽക്കൂര 2008-09 കാലഘട്ടത്തിൽ നിർമിച്ചതാണ്. ജി.എം.ആർ ഗ്രൂപ്പ് ഒരു സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു’ -എന്നാണ് വിവിധ സംഘ്പരിവാർ അക്കൗണ്ടുകളിലെ പോസ്റ്റുകൾ.
2008-09 കാലഘട്ടത്തിൽ ഒന്നാം യു.പി.എ ഘടക കക്ഷിയായിരുന്ന എൻ.സി.പിയിലെ പ്രഫുൽ പട്ടേലായിരുന്നു വ്യോമയാന മന്ത്രി. എന്നാൽ, ഇപ്പോൾ പ്രഫുൽ പട്ടേലും അദ്ദേഹത്തിന്റെ പാർട്ടിയയായ അജിത് പവാറിന്റെ എൻ.സി.പിയും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഘടക കക്ഷിയാണ് എന്നതാണ് രസകരം. അതായത്, കോൺഗ്രസിനെ അടിക്കാൻ ബി.ജെ.പിക്കാർ ഉപയോഗിച്ച വടി അവർക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.
അതിനിടെ, പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെ നടന്ന എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനവുമായി ബന്ധപ്പെട്ട അഴിമതിക്കേസ് സി.ബി.ഐ അവസാനിപ്പിച്ചതും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യത്തിനൊപ്പം പ്രഫുല്‍ പട്ടേല്‍ കൈകോര്‍ത്ത് എട്ടുമാസം പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന് സി.ബി.ഐ ക്ലീന്‍ചിറ്റ് നല്‍കിയത്.
യാത്രക്കാര്‍ കുറഞ്ഞിരിക്കുകയും നഷ്ടം നേരിടുകയും ചെയ്യുന്ന സമയത്താണ് ആവശ്യമായ പൈലറ്റുമാര്‍ പോലും ഇല്ലാതിരിക്കെ 15 ആഡംബര വിമാനങ്ങൾ എയര്‍ ഇന്ത്യയ്ക്ക് നല്‍കിയത്. ഈ ഇടപാട് സ്വകാര്യ കമ്പനികള്‍ക്ക് സാമ്പത്തിക നേട്ടവും സര്‍ക്കാരിന് വലിയ നഷ്ടവുമുണ്ടാക്കി എന്നായിരുന്നു ആരോപണം. എന്നാൽ, പ്രഫുൽ പട്ടേൽ ബി.ജെ.പിയുമായി കൈകോർത്തതോടെ, ഈ ഇടപാടിൽ അപാകതകളുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന ക്ലോഷർ റിപ്പോർട്ട് സി.ബി.ഐ കോടതിയിൽ സമര്‍പ്പിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരം 2017-ലാണ് കേസ് സി.ബി.ഐ. അന്വേഷിക്കാന്‍ ആരംഭിച്ചത്.
2023 ജൂലൈ രണ്ടിനാണ് എന്‍.സി.പിയെ പിളര്‍ത്തി അജിത് പവാർ വിഭാഗം എന്‍.ഡി.എ മുന്നണിയില്‍ ചേർന്നത്. പിന്നാലെ, അജിത് പവാറിനെതിരായ 25,000 കോടി രൂപയുടെ സഹകരണ ബാങ്ക് വായ്പ്പ തട്ടിപ്പ് കേസിൽ തെളിവില്ല എന്നുപറഞ്ഞ് പൊലീസ് ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടർന്നാണ് പ്രഫുല്‍ പട്ടേലിനെതിരായ കേസ് സി.ബി.ഐയും അവസാനിപ്പിച്ചത്. അജിത് പവാറിനെതിരായ 70,000 കോടി രൂപയുടെ ഇറിഗേഷന്‍ അഴിമതി കേസ് 2019 ഡിസംബറില്‍ അഴിമതി വിരുദ്ധ വിഭാഗം അവസാനിപ്പിച്ചിരുന്നു.