ദില്ലി:മോദി സർക്കാരിന് കീഴിൽ അടിസ്ഥാന സൗകര്യവികസനത്തിൽ വൻ കുതിപ്പാണ് രാജ്യത്തുണ്ടാകുന്നതെന്ന് ബിജെപി അവകാശപ്പെട്ടു.ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അവകാശവാദം . റോഡ്, ഹൈവേ വികസനത്തിനായി ആവിഷ്ക്കരിച്ച ഭാരത് മാല പ്രൊജക്ടിലൂടെ ദേശീയപാതാ വികസനത്തിൽ വേഗം കൈവരിക്കാനായി. 2014- 15 കാലഘട്ടത്തിൽ ദിവസേന 21.1 കിലോമീറ്റർ റോഡാണ് രാജ്യത്ത് ദിവസേന നിർമ്മിച്ചിരുന്നെങ്കിൽ 2021-22 ൽ എത്തുമ്പോൾ അത് 28.6 കിലോമീറ്ററായി ഉയർന്നു. ബിജെപി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇതുവരെ 50,000 കിലോമീറ്റർ ദേശീയപാതയാണ് കൂട്ടിച്ചേർത്തതെന്നും ബിജെപി അവകാശപ്പെട്ടു.ദേശീയപാത വികസനത്തിനായി ഇതുവരെ 5519 കോടി രൂപ കേരളം ചിലവഴിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പാർലമെന്‍രില്‍ അറിയിച്ചിട്ടുണ്ട്.. എൻ എച് 66 കടന്നുപോകുന്ന 5 സംസ്ഥാനങ്ങളിൽ കേരളം മാത്രമാണ് പണം ചിലവഴിക്കുന്നത്. കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന്‍റെ ചിലവ് കൂടുതലായതിനാൽ 25% വഹിക്കാൻ സംസ്ഥാനം തയ്യാറാവുകയായിരുന്നു എന്നും മന്ത്രി പാർലമെന്‍റില്‍ നൽകിയ മറുപടിയിൽ വ്യക്തമാക്കി. കേരളത്തിൽ നടക്കുന്ന ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാർ ഒരു പങ്കും വഹിക്കുന്നില്ല എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.