ബംഗളൂരു: ബിജെപി തന്നെ മാറ്റിനിർത്തിയെന്ന ആരോപണങ്ങൾ നിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. തനിക്ക് അവസരങ്ങൾ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇങ്ങനെ എനിക്ക് സ്ഥാനവും ബഹുമാനവും നൽകുന്നത് കാണുമ്പോൾ, നരേന്ദ്ര മോദിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. എനിക്ക് ലഭിച്ച അവസരങ്ങൾ മറക്കാൻ കഴിയില്ല. പാർട്ടി അവസരം നൽകിയതുകൊണ്ടാണ് ഞാൻ നാലു തവണ മുഖ്യമന്ത്രിയായത്. എനിക്ക് ലഭിച്ചത്ര അവസരങ്ങൾ മറ്റാർക്കും ലഭിച്ചിട്ടില്ല”. യെദിയൂരപ്പ സംസ്ഥാന നിയമസഭയിൽ പറഞ്ഞു.
കർണാടകയിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തില്ലെന്ന വ്യാമോഹം വേണ്ടെന്നും പ്രതിപക്ഷത്തെ വിമർശിച്ച് യെദിയൂരപ്പ പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല. പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പാക്കാൻ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുകയും പ്രവർത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം കർണാടക നിയമസഭയിൽ ആവർത്തിച്ചു. “തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. പ്രധാനമന്ത്രി മോദി എനിക്ക് നൽകിയ ബഹുമാനം ഓർക്കുമ്പോൾ, പാർട്ടിക്ക് വേണ്ടി എന്റെ കഴിവിന്റെ പരമാവധി പ്രവർത്തിക്കാൻ ഞാൻ ശ്രമിക്കും. അതിൽ സംശയമില്ല”. യെദിയൂരപ്പ തന്റെ പ്രസംഗത്തിൽ പറഞ്ഞു. നിയമസഭയിലെ തന്റെ വിടവാങ്ങൽ പ്രസംഗമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കർണാടകയിൽ പുതിയതായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് ബി എസ് യെദിയൂരപ്പയുടെ പേര് നൽകാൻ തീരുമാനമായിരുന്നു. ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ പോകുന്ന പുതിയ വിമാനത്താവളത്തിനാണ് യെദിയൂരപ്പയുടെ പേരിടുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആണ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്. നേരത്തെ കർണാടക മന്ത്രിസഭായോഗമാണ് യെദിയൂരപ്പയുടെ പേര് വിമാനത്താവളത്തിനിടാൻ തീരുമാനിച്ചത്. എന്നാൽ ഈ നീക്കത്തെ എതിർത്ത് യെദിയൂരപ്പ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിന് മുൻമുഖ്യമന്ത്രിയുടെ പേര് നൽകുന്നതിൽ സർക്കാർ ഉറച്ചു നിൽക്കുകയായിരുന്നു. വ്യോമയാന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്ത് നൽകുമെന്നും ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവമൊഗ്ഗയുടെ വികസനം സാധ്യമായത് യെദിയൂരപ്പ ഉള്ളത് കൊണ്ടാണെന്നും ബൊമ്മെ പറഞ്ഞിരുന്നു.