മുംബൈ: ദീപിക പാദുകോണ്‍, ഉര്‍ഫി ജാവേദ് എന്നീ വിഷയങ്ങളില്‍ ബിജെപിയെ രൂക്ഷമായി വിമർശിച്ച് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എംപി സഞ്ജയ് റാവത്ത് രംഗത്ത്. ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാന്‍ ഉർഫി ജാവേദ്, ദീപിക പദുക്കോൺ തുടങ്ങിയ നടിമാരെ ബിജെപി ആക്രമിക്കുകയാണെന്ന് ശിവസേന നേതാവ് പറഞ്ഞു.
ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമർശനമാണ് സഞ്ജയ് റാവത്ത് എം.പി പാർട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ നടത്തിയത്. എഡിറ്റോറിയല്‍ പേജിലെ പ്രതിവാര കോളത്തിലാണ് ഇദ്ദേഹത്തിന്‍റെ വിമര്‍ശനം. മഹാരാഷ്ട്രയിലെ രാഷ്ട്രീയം ചില പട്ടികളുടെ കൈയ്യിലായിരിക്കുകയാണ്. ഉർഫി ജാവേദിന്‍റെ വസ്ത്രമല്ലാതെ സംസ്ഥാനത്ത് ഒരു പ്രശ്‌നവും ഉന്നയിക്കപ്പെടുന്നില്ലെന്നും സഞ്ജയ് റാവത്ത് ലേഖനത്തില്‍ ആരോപിച്ചു.
ഉർഫി ജാവേദിനെതിരെ ബിജെപി നേതാവ് ചിത്ര വാഗ് പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ശിവസേന നേതാവിന്‍റെ പ്രതികരണം. ഈ പരാതിയില്‍ സോഷ്യല്‍ മീഡിയ താരവും ടിവി താരവുമായ ഉര്‍ഫിയെ ചോദ്യം ചെയ്യാന്‍ മുംബൈ പോലീസ് വിളിച്ചുവരുത്തിയിരുന്നു.
സംസ്കാരത്തിന്‍റെ പേരിൽ ഉർഫി ജാവേദിനെതിരെ ബിജെപിയുടെ സദാചാര പോലീസ് കളിക്കുകയാണ്. ഇപ്പോഴാണ് ഉർഫി കൂടുതല്‍ പ്രശസ്തയായത്. ഉര്‍ഫി ഇപ്പോള്‍ നേരിട്ട് ബിജെപി നേതാക്കള്‍ക്കെതിരെ രംഗത്ത് എത്തി. ഇതെല്ലാം സംഭവിച്ചത് ദില്ലിയില്‍ ഒരു സ്ത്രീയെ കാറിൽ വലിച്ചിഴച്ചുകൊണ്ടുപോയി അതിഭീകരമായി കൊല ചെയ്തപ്പോഴാണ് എന്ന് ഓര്‍ക്കണം -സഞ്ജയ് റാവത്ത് തന്‍റെ ലേഖനത്തില്‍ പറയുന്നത്.
ഉർഫി ജാവേദ് വിഷയം പോലെ തന്നെ ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രമായ പഠാനെതിരെ ബിജെപി ഉയർത്തിയ പ്രതിഷേധങ്ങളെക്കുറിച്ചും ശിവസേന നേതാവ് വിമര്‍ശിക്കുന്നു. ‘ബേഷാരം രംഗ്’ എന്ന ഗാനത്തിൽ കാവി ബിക്കിനി ധരിച്ചതിന് ദീപിക പദുക്കോണിനെ ബിജെപി നേതാക്കൾ അടക്കം ആക്രമിച്ചത് റാവത്ത് പരാമര്‍ശിച്ചു.
ദീപിക പദുക്കോണിനോട് കാവി ബിക്കിനിയിൽ മാത്രമായിരുന്നോ ദേഷ്യം ? ദീപിക പദുക്കോൺ ജെഎൻയുവിൽ പോയി വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ചു. ഇത് ബിജെപിയെ ചൊടിപ്പിച്ചു. ഇപ്പോൾ അവർ ദീപികയുടെ വസ്ത്രത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു. അതേസമയം കാവി വസ്ത്രം ധരിച്ച പല ബിജെപി നേതാക്കളും സംസ്കാരശൂന്യമായ പലതും ചെയ്യുന്നുവെന്നും റാവത്ത് കുറ്റപ്പെടുത്തി.
ബി.ജെ.പി നേതാക്കൾക്ക് സെൻസർ ബോർഡുമായി ബന്ധമുണ്ടെന്നും അതിനാലാണ് പഠാന്‍ എന്ന ചിത്രത്തിലെ നിരവധി രംഗങ്ങൾ വെട്ടിമാറ്റിയതെന്നും റാവത്ത് ആരോപിച്ചു. ഹരിയാന കായിക മന്ത്രി സന്ദീപ് സിങ്ങിനെതിരെ ലൈംഗികാരോപണം ഉയർന്നപ്പോഴും ബിജെപി അംഗങ്ങൾ ഉർഫി ജാവേദിനെ കുറിച്ചും അവളുടെ വസ്ത്രങ്ങളെ കുറിച്ചും സംസാരിക്കുകയായിരുന്നുവെന്നും റാവത്ത് എഡിറ്റോറിയല്‍ ലേഖനത്തില്‍ പറയുന്നു.