ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ ബിജെപി നേതാവ് 16 ദളിതരെ തന്റെ കാപ്പിത്തോട്ടത്തിൽ ദിവസങ്ങളോളം പൂട്ടിയിട്ടതായി ആരോപണം. ജഗദീശ ഗൗഡ എന്ന ആൾക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. തങ്ങൾ പീഡനത്തിനിരയായതായി 16 പേരും പറയുന്നു. അവരിൽ ഒരാൾ ഗർഭിണിയായ ഒരു സ്ത്രീയായിരുന്നു. ഉപദ്രവത്തെത്തുടർന്ന് യുവതിയുടെ കുഞ്ഞിനെ നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ജഗദീശ ഗൗഡയുടെയും മകൻ തിലക് ഗൗഡയുടെയും പേരിൽ, ദളിതരെ ഉപദ്രവിച്ചതിന് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ജഗദീശ ഗൗഡ പാർട്ടി നേതാവാണെന്ന വാദങ്ങൾ ബിജെപി ജില്ലാ വക്താവ് തള്ളി. ജഗദീശ് പാർട്ടി പ്രവർത്തകനോ അംഗമോ അല്ല. അയാൾ വെറും അനുഭാവി മാത്രമാണ്. മറ്റേതൊരു വോട്ടറെയും പോലെയാണ് അയാളും,” പാർട്ടി വക്താവ് വരസിദ്ധി വേണുഗോപാൽ പറഞ്ഞു.
ജെനുഗദ്ദെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ദിവസ വേതനക്കാരായി ജോലി ചെയ്യുകയായിരുന്നു 16 പേരും. ഇവർ ജഗദീശ ഗൗഡയിൽ നിന്ന് 9 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. കടം തിരിച്ചടക്കാൻ കഴിയാതെ വന്നതോടെ പൂട്ടിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജഗദീശ ഗൗഡ തങ്ങളുടെ ബന്ധുക്കളെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒക്‌ടോബർ എട്ടിന് ഏതാനും പേർ ബലെഹോന്നൂർ പൊലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് അന്നുതന്നെ പരാതി പിൻവലിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത ദിവസം, ഗർഭിണിയായ സ്ത്രീയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന് ചിക്കമംഗളൂരു പൊലീസ് മേധാവിക്ക് പുതിയ പരാതി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. എസ്പി കേസ് തങ്ങൾക്ക് കൈമാറിയതിന് ശേഷമാണ് തങ്ങൾ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും അവർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ സംഭവസ്ഥലം സന്ദർശിച്ചപ്പോൾ ഒരു മുറിയിൽ 8-10 പേരെ പൂട്ടിയിട്ടിരിക്കുന്നത് കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 15 ദിവസമായി ഇവരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയായിരുന്നു.