ഭോപ്പാല്‍∙ മധ്യപ്രദേശില്‍ ബിജെപി നേതാവ് കോണ്‍ഗ്രസിലേക്കു മടങ്ങിയത് 400 കാറുകളുടെ അകമ്പടിയില്‍ 300 കി.മീ. സഞ്ചരിച്ച്. മൂന്നു വര്‍ഷം മുന്‍പ് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയ ബൈജ്‌നാഥ് സിങ് ആണ് തന്റെ ശക്തികേന്ദ്രമായ ശിവ്പുരിയില്‍നിന്ന് നാനൂറ് കാറുകളുടെ അകമ്പടിയില്‍ 300 കി.മീ സഞ്ചരിച്ച് ഭോപ്പാലിലെത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സൈറണ്‍ മുഴക്കി നൂറുകണക്കിനു കാറുകള്‍ പോകുന്നതിന്റെ വിഡിയോ വൈറലായി.
2020ല്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തിലെത്തിച്ച വിമതനീക്കത്തില്‍ ജ്യോതിരാദിത്യ സിന്ധയ്‌ക്കൊപ്പം പാര്‍ട്ടിവിട്ടയാളാണ് ബൈജ്‌നാഥ്. സിന്ധ്യ ഇപ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രിയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിനു വേണ്ടി കിണഞ്ഞു ശ്രമിച്ചു പരാജയപ്പെട്ടതോടെയാണ് ബൈജ്‌നാഥ് കോണ്‍ഗ്രസിലേക്കു തിരിച്ചു പോകുന്നതെന്നാണു റിപ്പോര്‍ട്ട്.
ഭോപ്പാലില്‍ കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും ദിഗ്‌വിജയ് സിങ്ങും ബൈജ്‌നാഥ്‌സിങ്ങിനെ സ്വീകരിച്ചു. ഇദ്ദേഹത്തിനൊപ്പം 15 പ്രാദേശിക ബിജെപി നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. സൈറണ്‍ മുഴക്കി കാറുകള്‍ പാഞ്ഞത് കോണ്‍ഗ്രസിന്റെ ‘ഫ്യൂഡല്‍ ചിന്താഗതി’യുടെ പ്രതിഫലനമാണെന്നു ബിജെപി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഐപി സംസ്‌കാരം റോഡുകളില്‍നിന്ന് ഒഴിവാക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഫ്യൂഡല്‍ ചിന്താഗതി തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നും ബിജെപി വക്താവ് ഡോ. ഹിതേഷ് ബാജ്‌പെയ് പറഞ്ഞു.