തിരുവനന്തപുരം : സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്താല്‍ കുറച്ചുദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. രാജ്യത്തെ ബാര്‍ അസോസിയേഷനിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു. ബിജെപിയുടെ അച്ചടക്ക സമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു. 1914 മെയ് 24ന് വലിയശാലയിലാണ് അദ്ദേഹം ജനിച്ചത്. ഗവണ്മെന്റ് ആര്‍ട്‌സ് കോളജിലും തിരുവനന്തപുരം ലോ കോളജിലുമായി വിദ്യാഭ്യാസം. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. 1934ല്‍ മഹാത്മാഗാന്ധിയെ നേരില്‍ കണ്ട് സംസാരിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. പിന്നീട് 6 മാസം ഒളിവിലായിരുന്നു. 1942നു ശേഷം അഭിഭാഷകനെന്ന നിലയില്‍ പ്രാക്ടീസ് ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗണ്‍സിലറായി വലിയശാലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനു ശേഷം അദ്ദേഹം ജനസംഘത്തിന്റെ പ്രവര്‍ത്തനവുമായി സജീവമായി. 1954ല്‍ അദ്ദേഹം സുപ്രിംകോടതി അഭിഭാഷകനായി. ഇതിനിടെ പട്ടം താണുപിള്ളയുമായി ചേര്‍ന്ന് പിഎസ്പിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. കേരള പത്രിക എന്ന പത്രവും നടത്തിയിട്ടുണ്ട്. 1980ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ അദ്ദേഹം ബിജെപിയില്‍ അംഗമായി. അപ്പോള്‍ തന്നെ സംസ്ഥാന വൈസ് പ്രസിഡന്റായി. 1982ല്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. അയ്യപ്പ സേവാ സംഘത്തിന്റെ ആയുഷ്‌കാല അംഗത്വമുള്ളയാളായിരുന്നു.