ദില്ലി : ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് തിരിച്ചടിയാകുകയാണ്. ഇറാഖ്, ലിബിയ, യുഎഇ, മലേഷ്യ, ഖത്തർ, അടക്കം 15 രാജ്യങ്ങളാണ് പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയത്. ഏറ്റവും ഒടുവിൽ തുർക്കിയാണ് പ്രവാചക വിരുദ്ധ പരാമർശത്തെ അപലപിച്ചത്. അന്താരാഷ്ട്ര തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നതിനിടെയാണ് തുർക്കിയും ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. ഇന്ത്യ മാപ്പു പറയണം എന്നാണ് ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളും നിർദ്ദേശിക്കുന്നത്. പ്രസ്താവന നടത്തിയവർക്കെതിരെ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ട്. നേതാക്കൾക്കെതിരായ നടപടിയെ മലേഷ്യ സ്വാഗതം ചെയ്തു. നബി വിരുദ്ധ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങളുടെ പ്രതിഷേധം തണുപ്പിക്കാൻ പ്രധാനമന്ത്രി ഇടപെട്ടേക്കുമെന്നാണ് വിവരം. സുഹൃദ് രാജ്യങ്ങളുമായി സംസാരിക്കാനാണ് സാധ്യത.