പശ്ചിമ ബംഗാൾ : പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന്റെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. കൈകൾ തുണികൊണ്ട് ബന്ധിച്ച് കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് പിന്നിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾക്ക് പങ്കുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലാണ് സംഭവം. ബിജെപി നേതാവ് ശുഭദീപ് മിശ്ര എന്ന ദീപു മിശ്രയുടെ മൃതദേഹമാണ് നിധിരാംപൂർ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയത്. ഏഴുദിവസം മുമ്പ് വീടുവിട്ടിറങ്ങി മറ്റൊരിടത്ത് താമസം തുടങ്ങിയ ശുഭദീപ് ചൊവ്വാഴ്ചയാണ് വീട്ടിൽ തിരിച്ചെത്തിയതെന്നാണ് വിവരം.
ഒരു സ്ത്രീയുമായി ശുഭദീപിന് ബന്ധമുണ്ടെന്നും കൊലപാതകത്തിന് പിന്നിൽ യുവതിയുടെ കുടുംബാംഗങ്ങളാണെന്നും നാട്ടുകാർ ആരോപിച്ചു. യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധിക്കുകയും പോലീസ് വാഹനം ആക്രമിക്കുകയും ചെയ്തു. എന്നാൽ ശുഭദീപിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്നാണ് ബിജെപിയുടെ ആരോപണം. ഈ വർഷം ആദ്യം ശുഭദീപ് മിശ്ര ബിജെപി ടിക്കറ്റിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.