ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്റെ മകന്റെ അറസ്റ്റിലേക്ക് നയിച്ച കൊലപാതകത്തിൽ 19 കാരി റിസപ്ഷനിസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത് ചില്ലയിലെ പവര്‍ ഹൗസിന് സമീപം. മുൻ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടസ്ഥയിലുള്ള സ്വകാര്യ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു 19 കാരിയായ അങ്കിത ഭണ്ഡാരി. വെള്ളിയാഴ്ച പുൽകിത് അടക്കം മൂന്ന് പേരെ പൊലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ കൊലപാതകം ചെയ്തതായി പുൽകിത് സമ്മതിച്ചു.
വ്യക്തി വൈരാഗ്യത്തിന്റെ പുറത്ത് റിസോര്‍ട്ടിന് സമീപത്തെ കനാലിലേക്ക് തള്ളിയിട്ടെന്നും അവിടെ അങ്കിത മുങ്ങി മരിക്കുകയായിരുന്നു എന്നുമാണ് ഇവര്‍ മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികളുടെ ലൈംഗിക താല്പര്യത്തിന് അങ്കിത വഴങ്ങാഞ്ഞതാണ് വാക്കുതർക്കത്തിനിടയാക്കിയത്. ഇതോടെ മൃതദേഹം കണ്ടെത്താനായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെ സഹായത്തോടെയാണ് മൃതദേഹത്തിനായുള്ള തെരച്ചിൽ നടത്തിയത്. ഒടുവിൽ മൃതദേഹം ചില്ലയിലെ പമ്പ് ഹൗസിന് സമീപം കണ്ടെത്തുകയായിരുന്നു. അതേസമയം കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിഐജിയുടെ നേതൃത്വത്തിൽ ഉള്ള സംഘം കേസ് അന്വേഷിക്കും.