മീററ്റ് (ഉത്തർപ്രദേശ്): പ്രാദേശിക ബിജെപി നേതാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ ഭാര്യയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നിഷാന്ത് ഗാർഗ് എന്ന ബിജെപി നേതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. അന്നുതന്നെ ഭാര്യ സോണിയയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു, നിഷാന്തിന്റെ സഹോദരൻ ഗൗരവ് ഗാർഡാണ് പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത സോണിയയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. നാടൻ തോക്കുപയോഗിച്ച് ഭർത്താവ് തന്നെ കൊലപ്പെടുത്താൻ നോക്കിയെന്നും പിടിവലിക്കിടെ അബദ്ധത്തിൽ വെടിപൊട്ടി ഭർത്താവിനേൽക്കുകയായിരുന്നുവെന്നും ഭാര്യ ചോദ്യം ചെയ്യലിൽ പറഞ്ഞതായി പൊലീസ് പറഞ്ഞു.
ഗോവിന്ദുപുരിയിലെ വീട്ടിൽ നിന്നാണ് ദുരൂഹ സാഹചര്യത്തിൽ ബിജെപി നേതാവിനെ നെഞ്ചിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് ഭാര്യ അന്നുതന്നെ പറഞ്ഞിരുന്നു. ഭർത്താവ് അമിതമായി മദ്യപിച്ചെത്തി തന്നെ മർദ്ദിച്ചെന്നും ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയെന്നും തിരിച്ചെത്തിയപ്പോൾ ഭർത്താവ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്നും ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. ഭർത്താവ് മരിച്ചതുകണ്ട് ഭയന്ന് പിസ്റ്റൾ ഒളിപ്പിച്ചതായി സോണിയ പറഞ്ഞതായി എസ്എസ്പി പറഞ്ഞിരുന്നു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല. എന്നാൽ പിന്നീട്, സോണിയയെ ചോദ്യം ചെയ്തപ്പോൾ അലമാരയിൽ നിന്ന് തോക്കും മൊബൈൽ ഫോണും കണ്ടെടുത്തു. മുറിയിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയതായി എസ്എസ്പി പറഞ്ഞു. യുവമോർച്ചയുടെ പ്രാദേശിക നേതാവും സോഷ്യൽ മീഡിയ ഇൻചാർജുമാണ് നിഷാന്ത് ഗാർഗാണെന്ന് ബിജെപി മഹാനഗർ പ്രസിഡന്റ് മുകേഷ് സിംഗാള് പറഞ്ഞു.