മുംബൈ : മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്റെ മന്ത്രിസഭയിൽ മന്ത്രിയായി അധികാരത്തിലേറിയതിന് പിന്നാലെ വിവാദ നിര്‍ദ്ദേശവുമായി സുധീര്‍ മുംഗന്ദിവാര്‍. ഇനി മുതൽ ഫോൺ ചെയ്യുമ്പോൾ ഹലോ എന്ന് പറയേണ്ടെന്നും പകരം വന്ദേമാതരം എന്ന് സംബോധന ചെയ്താൽ മതിയെന്നുമാണ് അദ്ദേഹം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നൽകിയ നിര്‍ദ്ദേശം.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോൾ ഇനിയും സര്‍ക്കാര്‍ ജീവനക്കാര്‍ ഫോൺ സംഭാഷണത്തിൽ ഹലോ ഉപയോഗിക്കരുത്. ഹലോ ഒരു ഇംഗ്ലീഷ് പദമാണ്. ഇനിയും അത് ഉപയോഗിക്കരുത്. പകരം വന്ദേമാതരം എന്ന് പറയണം. ഉത്തരവ് ഉടൻ ഇറങ്ങും – ബിജെപി നേതാവ് കൂടിയായ സുധീര്‍ മുംഗന്ദിവാര്‍ പറഞ്ഞു.
അതേസമയം മഹാരാഷ്ട്ര മന്ത്രിസഭയുടെ വകുപ്പ് വിഭജനത്തിൽ നേട്ടം കൊയ്തത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസാണ്. പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുക ഉപമുഖ്യമന്ത്രിയായിരിക്കും. ആഭ്യന്തര വകുപ്പും ധനകാര്യ വകുപ്പും ഫഡ്നവിസിനാണ് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേക്ക് ലഭിച്ചിരിക്കുന്നത് നഗരവികസന വകുപ്പാണ്. ഷിൻഡേ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ഏഴ് ആഴ്ചകൾക്ക് ശേഷമാണ് വകുപ്പ് വിഭജനം നടന്നത്.
മാത്രമല്ല ടിക് ടോക് താരത്തിന്റെ ആത്മഹത്യക്ക് കാരണമായെന്ന ആരോപണം നേരിടുന്ന സഞ്ജയ് റാത്തോഡിനെ മന്ത്രിസഭയിലുൾപ്പെടുത്തിയത് തുടക്കത്തിലെ കല്ലുകടിയായിട്ടുണ്ട്. ഇതിനെതിരെ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്ര വാഗ് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സഞ്ജയ് റാത്തോഡിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്ന റാത്തോഡിന് കേസിനെ തുടർന്ന് രാജിവെക്കേണ്ടി വന്നിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് അന്വേഷിച്ച കേസാണെന്നും പൊലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടെന്നുമാണ് ഏക്നാഥ് ഷിൻഡെയുടെ നിലപാട്.
റാത്തോഡിനെ മന്ത്രിയാക്കിയതിൽ എതിർപ്പുള്ളവരോട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. യവത്മാലിലെ ദിഗ്രാസ് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് സഞ്ജയ് റാത്തോഡ്. ടിക് ടോക്കിലൂടെ പ്രശസ്തയായ യുവതിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നെന്നും അതാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു ആരോപണം. എന്നാൽ, കേസെടുത്ത പൊലീസ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.