ലക്നൗ∙ സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവിനെ ‘ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി’ എന്നു വിശേഷിപ്പിക്കുന്ന പഴയ പോസ്റ്റർ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഉത്തർപ്രദേശിലെ ലക്നൗവിലെ പാർട്ടി ഓഫിസിനു പുറത്താണ് പോസ്റ്റർ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പാർട്ടി വക്താവ് ഫക്രുൽ ഹസൻ ചന്ദ് ആണ് പോസ്റ്റർ സ്ഥാപിച്ചത്. അഖിലേഷ് യാദവിന്റെ 50-ാം ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ജൂലൈയിൽ പാർട്ടി ഓഫിസിനു പുറത്ത് ഇതേ പോസ്റ്റർ സ്ഥാപിച്ചിരുന്നു.
അഖിലേഷ് യാദവ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നാണ് സമാജ്‌വാദി പാർട്ടി നേതാക്കളും പ്രവർത്തകരും ആഗ്രഹിക്കുന്നതെന്ന് ഫക്രുൽ ഹസൻ ചന്ദ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. ‘നേതാജി (സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവ്) ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ഞങ്ങൾ സ്വപ്നം കണ്ടെങ്കിലും സാക്ഷാത്കരിക്കാനായില്ല. അതിനാൽ അഖിലേഷ് യാദവ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു’– അദ്ദേഹം പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രതിപക്ഷ ഇന്ത്യ മുന്നണി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അഖിലേഷ് യാദവ് പ്രധാനമന്ത്രി സ്ഥാനാർഥിയാകണമെന്നാണ് സമാജ്‌വാദി പാർട്ടി പ്രവർത്തകരും നേതാക്കളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് ആർക്കും അവകാശപ്പെടാം. എന്നാൽ യഥാർഥത്തിൽ അതിനു കഴിയുന്നത് സമാജ്‌വാദി പാർട്ടിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോട് പ്രതികരിച്ച ബിജെപി നേതാവും ഉത്തർപ്രദേശ് മന്ത്രിയുമായ ഡാനിഷ് ആസാദ് അൻസാരി ‘പകല്‍ക്കിനാവ് കാണുന്നതിൽ നിന്ന് ആരെയും തടയാൻ കഴിയില്ലെന്ന്’ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. രാജ്യത്തെ ജനം മോദിയെ വിശ്വസിക്കുന്നു. ജനം തീർച്ചയായും മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാജ്‌വാദി പാർട്ടിയും ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷിയായ കോൺഗ്രസും തമ്മിലുള്ള സംഘർഷത്തിന് പിന്നാലെയാണ് അഖിലേഷ് യാദവിനെ ‘ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി’ എന്നു വിശേഷിപ്പിക്കുന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടൽ പരാജയപ്പെട്ടതിൽ കോൺഗ്രസിനെ അഖിലേഷ് പരസ്യമായി വിമർശിച്ചിരുന്നു.