ലഖ്നൌ : പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് താക്കൂർ രംഗത്ത്. വിവാദങ്ങളിൽ എന്നും ഇടപെട്ടിട്ടുള്ള സാധ്വി പ്രജ്ഞ വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് നൂപുർ ശർമ്മയ്ക്ക് പിന്തുണ എന്ന രീതിയില്‍ ട്വീറ്റ് ചെയ്തത്. “സത്യം പറയുന്നത് കലാപമാണെങ്കിൽ, ആ നാണയത്തിൽ ഞാനും ഒരു വിമതയാണ്” – എന്നായിരുന്നു ട്വീറ്റില്‍. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ബിജെപി എംപി വിഷയത്തില്‍ അവരോട് സംസാരിച്ചു. സത്യം പറയുമ്പോൾ ന്യൂനപക്ഷ സമുദായം പ്രശ്നമുണ്ടാക്കുന്നുവെന്നും. അതേസമയം ഹിന്ദുക്കൾ തങ്ങളുടെ മതത്തിന് നേരെയുള്ള എല്ലാ ചെറുത്തുനിൽപ്പുകളും സഹിക്കുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയാണെന്ന് സാധ്വി പ്രജ്ഞ പറഞ്ഞു.
‘ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും സനാതന ധർമ്മം ഇവിടെ നിലനിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്, ഞങ്ങൾ അത് ചെയ്യും” – ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് താക്കൂർ പറഞ്ഞു. എന്തുതന്നെയായാലും താൻ സത്യം പറയുമെന്ന് പ്രജ്ഞാ സിംഗ് താക്കൂർ പറഞ്ഞു. കഴിഞ്ഞ മാസം കോടതി നിർദ്ദേശിച്ച സർവേയിലും വീഡിയോഗ്രാഫിയിലും ജ്ഞാനവാപി പള്ളിയിലെ വസുഖാനയിൽ ഒരു ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം ലഖ്നൌ എംപി ആവർത്തിച്ചു. “ശിവലിംഗത്തെ ഫൌണ്ടെന്‍ എന്ന് വിളിക്കുന്നത് നമ്മുടെ അടിസ്ഥാന ഹൈന്ദവ വിശ്വാസങ്ങൾക്കും, നമ്മുടെ ദേവതകൾക്കും, സനാതന ധർമ്മത്തിനുമെതിരായ ആക്രമണമാണ്. അതിനാൽ, ഞങ്ങളും പ്രതികരിച്ചു”അവർ പറഞ്ഞു.