പട്‌ന> നാടകീയതകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ ബിഹാറിൽ വീണ്ടും എൻഡിഎ. ബിഹാർ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജിവെച്ചതിന് പിന്നാലെ ബിജെപിയും ജെഡിയുവും മറ്റ് സഖ്യകക്ഷികളും ചേർന്ന് സംസ്ഥാനത്ത് എൻഡിഎ സർക്കാർ രൂപവത്കരിക്കാനുള്ള പ്രമേയം ഐകകണ്‌ഠ്യേന പാസാക്കി.
ബിജെപി ദേശിയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡേയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഒന്ന രവർഷംമുമ്പ് വിട്ടിറങ്ങിയ എൻഡിഎയിലേക്കാണ് നിതീഷ് കുമാർ ഇതോടെ തിരിച്ചെത്തുന്നത്. വൈകീട്ട് പട്‌നയിലെത്തുന്ന നഡ്ഡ മുതിർന്ന ബിജെപി നേതാക്കളുമായി ചർച്ച നടത്തും. ഞായറാഴ്ചവൈകുന്നേരം നിതീഷ് കുമാര്‍ വീണ്ടും ബിഹാറിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്നാണ് സൂചന. രണ്ട് ഉപമുഖ്യമന്ത്രി പദവിയും സ്പീക്കർ പദവിയും ബിജെപിക്ക് നൽകാൻ ജെഡിയു സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
243 ആണ് ബീഹാറിലെ ആകെ സീറ്റ് നില. 79 എംഎൽഎമാരുള്ള ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപിക്ക് 78ഉം ജെഡിയുവിന് 45ഉം സീറ്റുകളുണ്ട്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ജെഡിയു ബിജെപിക്കൊപ്പം ചേരുമ്പോൾ കക്ഷിനില 123 ആകും.