കൂറ്റനാട്: തെക്കേ വാവന്നൂർ ചാൽപ്രം കട്ടിൽമാടത്ത് ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച സംഭവത്തിൽ ബിജെപിയുടെ സജീവ പ്രവർത്തകൻ അറസ്റ്റിൽ. നെല്ലിക്കാട്ടിരി പെട്ടിക്കട വാക്കേലവളപ്പിൽ മണികണ്ഠനെ(38)യാണ് ചാലിശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കട്ടിൽമാടം മുല്ലക്കൽ പ്രീതയുടെ മകൻ സൂര്യനാരായണൻ (12) ആണ് മരിച്ചത്. മാർച്ച് ഒമ്പതിന് വീടിന്റെ മുകൾനിലയിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.
ചാത്തനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു. വീട്ടിൽനിന്ന് വളർത്തുമീൻ (ഗപ്പി) മോഷ്ടിച്ചെന്ന് ആരോപിച്ച് മണികണ്ഠൻ സൂര്യനാരായണന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ ഫോട്ടോയെടുത്ത് പൊലീസിൽ അറിയിക്കുമെന്നും സമൂഹ മാധ്യമംവഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ‘ഞാൻ ബിജെപി പ്രവർത്തകനാണെന്നും രാഷ്ട്രീയത്തിൽ പിടിപാടുണ്ടെന്നും’ പറഞ്ഞു.
ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസുഖബാധിതയായ അമ്മ പ്രീതയും കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത്. ജ്യൂസ് മേക്കറായ സഹോദരൻ നിഖിലിന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.