ന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്വീറ്റ് ചെയ്ത കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബി.ജെ.പി. കർണാടകയെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
”കർണാടകയുടെ യശസ്സിനും പരമാധികാരത്തിനും അഖണ്ഡതക്കും കളങ്കം വരുത്താൻ കോൺഗ്രസ് ആരെയും അനുവദിക്കില്ല.”-എന്നാണ് മേയ് ആറിന് സോണിയ ഗാന്ധി ട്വീറ്റ് ചെയ്തത്. ഇതിനെതിരെ പ്രധാനമന്ത്രിയും ബി.ജെ.പിയും ശക്തമായി രംഗത്തുവന്നിരുന്നു.
അത്തരം ട്വീറ്റ് കർണാടകയിലെ ദേശീയവാദികളെയും സമാധാന കാംക്ഷികളെയും പുരോഗമനവാദികളെയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ജനങ്ങളെയും പ്രകോപിക്കാനായി തയാറാക്കിയതാണ്. സംസ്ഥാനത്തെ സമാധാനവും ഐക്യവും തകർക്കുക എന്നതും അങ്ങനെ കർണാടകയുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം ചില പ്രത്യേക സമുദായങ്ങളുടെ പിന്തുണയുറപ്പിക്കുക കൂടി കോൺഗ്രസ് ലക്ഷ്യമിടുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ബി.ജെ.പി സൂചിപ്പിച്ചത്.കേന്ദ്രത്തിനെതിരായി നിൽക്കുന്ന ശക്തികളെ എല്ലായ്പ്പോഴും പിന്തുണക്കുന്ന സമീപനമാണ് കോൺഗ്രസിനെന്നും പരാതിയിൽ പറയുന്നുണ്ട്.