ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയോട് നാര്‍കോ ടെസ്റ്റിന് പോകാന്‍ ആവശ്യപ്പെട്ടതിന് രൂക്ഷ മറുപടിയുമായി ആം ആദ്മി പാര‍്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും നിക്ഷ്പക്ഷ ഏജന്‍സികളാണെന്നും ബിജെപിയുമായി ഈ ഏജന്‍സിക്ക് ബന്ധമില്ലെന്നും നാര്‍കോ ടെസ്റ്റിന് വിധേയമായി പറയാനാണ് എഎപി ആവശ്യപ്പെടുന്നത്. ബിജെപി നേതാവ് കപില്‍ മിശ്ര സിസോദിയയെ നാര്‍കോ ടെസ്റ്റിന് വിധേയനാവണം എന്ന് പറഞ്ഞതിന് പിന്നാലെയാണ് എഎപിയുടെ മറുപടി എത്തുന്നത്. നേരത്തെ മദ്യ നയക്കേസില്‍ സിസോദിയയെ ഒന്‍പത് മണിക്കൂറാണ് സിബിഐ ചോദ്യം ചെയ്തത്.
എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.
സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാനും വിളിപ്പിക്കുന്നുണ്ട്. കണക്കില്‍പെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. നാര്‍കോ പരിശോധനയ്ക്ക് വിധേയനാവാന്‍ ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടണം. പരിശോധനയില്‍ സിബിഐയും ഇഡിയും സ്വതന്ത്ര അധികാരമുള്ള നിക്ഷ്പക്ഷ ഏജന്‍സികളാണെന്നും കേന്ദ്രത്തിനോ ബിജെപിയുമായോ ഒരു ബന്ധമില്ലെന്നും പറയട്ടേയെന്നുമാണ് എഎപി വക്താവ് സൌരഭ് ഭരദ്വാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രാധികാരം ഏറ്റവും വലിയ നുണ ആണെന്നും എഎപി വിശദമാക്കി. വളരെ എളുപ്പത്തില്‍ നുണ പറയുന്ന കാര്യത്തില്‍ മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ അപേക്ഷിച്ച് മോദി മുന്നിലാണെന്നും എഎപി ആരോപിച്ചു. സിബിഐ ഉദ്യോഗസ്ഥര്‍ പാർട്ടി വിടാൻ ഭീഷണിപ്പെടുത്തിയതായി സിബിഐ ചോദ്യം ചെയ്യലിന് പിന്നാലെ സിസോദിയ പ്രതികരിച്ചിരുന്നു.