കൊൽക്കത്ത: പ്രവാചകനെതിരായ പരാമർശത്തിന്റെ പേരിൽ ബംഗാളിലെ ഹൗറ ജില്ലയിലെ പഞ്ചല ബസാറിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഇന്നും സംഘർഷം. സംഘർഷ മേഖല സന്ദർശിക്കാൻ പോയ ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംന്താറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലം സന്ദർശിക്കാൻ പോകുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പഞ്ചല ബസാറിൽ സംഘർഷം തുടരുകയാണ്. പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ അവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. അക്രമത്തിന് പിന്നിൽ ചില രാഷ്ട്രീയ പാർട്ടികളാണെന്ന് മമത ആരോപിച്ചു. കഴിഞ്ഞ ദിവസം ഹൗറയിൽ ബിജെപിയുടെ ഓഫിസുകൾ തകർക്കുകയും കത്തിക്കുകയും ചെയ്തിരുന്നു.
‘ഇത് ഞാൻ നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഹൗറയിൽ അക്രമ സംഭവങ്ങൾ നടക്കുകയാണ്. ഇതുമൂലം ജനങ്ങളുടെ ദൈനംദിന ജീവിതം ദുരിതത്തിലായി. ചില രാഷ്ട്രീയ പാർട്ടികളാണ് ഇതിന് പിന്നിൽ. അവർ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു. എന്നാൽ സർക്കാർ ഇത് വച്ചുപൊറുപ്പിക്കില്ല. എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കും. ബിജെപി പാപങ്ങൾ ചെയ്യും, ജനങ്ങൾ കഷ്ടപ്പെടും’– മമത ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ചയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഹൗറ പൊലീസ് ഇന്നലെ രാത്രി മുതൽ 70 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി എംപിയും ബംഗാൾ ബിജെപി വൈസ് പ്രസിഡന്റുമായ സൗമിത്ര ഖാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.