ലഖ്നൗ: ഉത്തർപ്രദേശിൽ ബിജെപിയുടെയും പിന്നാക്ക മുസ്ലീം വിഭാഗത്തിലെ (പശ്മാന്ദ) പ്രധാന അംഗങ്ങളുടെയും യോഗം ഞായറാഴ്ച നടക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഔപചാരിക യോഗം നടക്കുന്നത്. യുപിയിലെ പിന്നാക്ക മുസ്ലീങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയോട് ആവശ്യപ്പെട്ട് ഏകദേശം നാല് മാസത്തിന് ശേഷമാണ് യോഗം. ജൂലൈയിൽ ഹൈദരാബാദിൽ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.
ആർഎസ്എസ് തലവൻ മോഹൻ ഭഗവത്, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈഷി, മുൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ് എന്നിവരുമായി മുസ്ലീം നേതാക്കൾ കൂടിക്കാഴ്ച നടത്തി ഒരു മാസം തികയുന്നതിന് മുമ്പാണ് യോഗമെന്നതും ശ്രദ്ധേയമാണ്. വാരണാസിയിലെ ഗ്യാൻവാപി വിഷയം, വിദ്വേഷ പ്രസംഗങ്ങൾ, ജനസംഖ്യാ നിയന്ത്രണം, കർണാടകയിലെ ഹിജാബ് വിവാദം എന്നിവയെല്ലാം അന്ന് കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു. ജൂലൈയിൽ ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിൽ കേന്ദ്രമന്ത്രി സ്വതന്ത്ര ദേവ് സിംഗ് യു.പിയിലെ അസംഗഢ്, രാംപൂർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വിജയം സുനിശ്ചിതമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിക്കുള്ള മുസ്ലീം പിന്തുണയെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു പരമാർശം. സമാജ്‌വാദി പാർട്ടിയുടെ യാദവ്- മുസ്ലീം സഖ്യത്തിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന മണ്ഡലങ്ങളാണിത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തുടർച്ചയായ രണ്ടാം വട്ടവും വിജയിച്ചതിനെക്കുറിച്ച് മോദി പാർട്ടി നേതാക്കളെ നേരത്തെ ഓർമ്മിപ്പിച്ചിരുന്നു, കഴിഞ്ഞ എട്ട് വർഷമായി ബിജെപി സർക്കാർ ചെയ്ത പ്രവർത്തനങ്ങളിൽ നിന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാക്കവിഭാഗം മുസ്ലീങ്ങളെ കൂടി ഉദ്ദേശിച്ചായിരുന്നു മോദിയുടെ പ്രസ്താവന. പശ്മാന്ദ യുവ മുസ്ലീം നേതാവായ ഡാനിഷ് ആസാദ് അൻസാരിയെ, രണ്ടാം യോഗി ആദിത്യനാഥ് സർക്കാരിൽ ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ് വകുപ്പ് സഹമന്ത്രിയായി നിയമിച്ചിരുന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി വൻ വിജയം നേടിയെങ്കിലും പുതിയ വോട്ട് ബാങ്കുകൾ വളർത്തിയെടുത്ത് 2024-ൽ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. ഇതിനായാണ് പിന്നാക്ക മുസ്ലീംവിഭാഗത്തെ പ്രീണിപ്പിക്കാനുള്ള നീക്കം. യുപിയിലെ മുസ്ലീംകൾക്കിടയിലെ ശക്തമായ വോട്ട് ബാങ്കാണ് പശ്മാന്ദ വിഭാഗം.
പിന്നാക്ക മുസ്ലീംകളെ കൂടെ നിർത്താനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഫലപ്രാപ്തി എത്രത്തോളമെന്ന് കണ്ടറിയാം. ഒരു ന്യൂനപക്ഷ സമുദായത്തെയും മുസ്ലീം എന്ന് തോന്നിക്കുന്നവരെയും സമ്പൂർണമായി ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തുള്ള ബിജെപി നേതാക്കളുടെ പ്രസംഗം വിവാദമായ സാഹചര്യം നിലനിൽക്കുകയാണ്.