ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയില്‍ നിര്‍ണായക നീക്കവുമായി ബിജെപി. തൗഖീര്‍ റാസ ഖാന്റെ മരുമകള്‍ നിദ ഖാനെ മുന്‍ നിര്‍ത്തി ഉത്തര്‍ പ്രദേശില്‍ ന്യൂനപക്ഷ- സ്ത്രി വോട്ടുകള്‍ സമാഹരിയ്ക്കാനാണ് ബിജെപി നീക്കം. അതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഇത്തിഹാദ്-ഇ-മില്ലാറ്റ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് തൗഖീര്‍ റാസ ഖാനെ ചോദ്യം ചെയ്ത് മരുമകള്‍ നിദ ഖാന്‍ രംഗത്തെത്തി. യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപിക്കേ സാധിക്കൂ എന്നായിരുന്നു നിദ ഖാന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം തൗഖീര്‍ റാസ ഖാന്‍, ബത്ല ഹൗസില്‍ ഒളിച്ചിരുന്ന മുജാഹിദീന്‍ തീവ്രവാദികള്‍ ഭീകരവാദികളല്ലെന്നും അവര്‍ രക്തസാക്ഷികളാണെന്നും നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
ബിജെപി ഇതിനെ അപലപിച്ചെങ്കിലും കോണ്‍ഗ്രസ് മൗനം പാലിക്കുകയായിരുന്നു. തന്റെ അമ്മാവനെ സഖ്യകക്ഷിയാക്കിയത് കോണ്‍ഗ്രസ്സിന്റെയും ദേശവിരുദ്ധതയാണ് വ്യക്തമാക്കുന്നത്. മോദി സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ബില്ലിനെ അനുകൂലിച്ചാകും ഇത്തവണ സ്ത്രീസമൂഹം ചിന്തിക്കുകയെന്നും നിദ ഖാന്‍ പറഞ്ഞു. സംസ്ഥാനത്ത് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പ്രസിദ്ധീകരിയ്ക്കും. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയും അടക്കമുള്ള നേതാക്കളാണ് പ്രകടന പത്രിക ഉച്ചയോടെ പുറത്ത് വിടുക. ക്ഷേമ-വികസന-ദാരിദ്രനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് പ്രകടന പത്രികയില്‍ പ്രാധാന്യമുണ്ടാകും.
പിന്നാക്ക- ന്യൂനപക്ഷ ക്ഷേമത്തിനും പ്രകടന പത്രികയില്‍ മുന്‍ തൂക്കം നല്‍കും. അതേസമയം ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ഇത്തവണ ബിജെപി താരപ്രചാരകനാകില്ല. ലഖിംപുര്‍ഖേരി സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി തിരുമാനം. വരുണ്‍ഗാന്ധിയെയും താരപ്രചാരകനാക്കാതെയാണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്. മന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി വി.കെ. സിങ്‌ഹേമ മാലിനി തുടങ്ങിയവര്‍ 30 അംഗ താരപ്രചാരക പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.