തിരുവനന്തപുരം: പിസി ജോർജ്ജിൻറെ വിദ്വേഷ പ്രസ്താവനയെ അതേപടി പിന്തുണക്കാതെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി തീരുമാനം. പി.സി.ജോർജിനെ കാണാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ തിരുവനന്തപുരം എ.ആർ ക്യാമ്പിലെത്തിയെങ്കിലും പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ല. ഇരട്ടനീതിയാണ് കേരളത്തിൽ എന്ന പ്രചാരണം ശക്തമാക്കാനാണ് ബിജെപിയുടേയും ഹൈന്ദവസംഘടനകളുടേയും തീരുമാനം.
പിസി ജോർജ്ജിനെ കാണാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ നേരിട്ട് എആർ ക്യാമ്പിലെത്തിയത് പ്രശ്നം സജീവമായി ഏറ്റെടുക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായിട്ടാണ്. കേന്ദ്രമന്ത്രിയായിരുന്നിട്ടും ക്യാമ്പിലേക്ക് വിടാതെ പൊലീസ് മുരളീധരനെ തടഞ്ഞതോടെ സർക്കാറിനും പൊലീസിനുമെതിരെ വി.മുരളീധരൻ നിലപാട് കടുപ്പിച്ചു. പിസിയുടെ പ്രസംഗത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മുരളീധരൻ്റെ ഒഴിഞ്ഞുമാറൽ ബിജെപിയുടെ രാഷ്ട്രീയതന്ത്രമാണ്. പ്രസംഗത്തെ അതേപടി പിന്തുണക്കാതെ പരാമർശങ്ങളുടെ ആനുകൂല്യം നേടി വിദ്വേഷ പ്രസംഗം നടത്തിയ മറ്റ് ചിലർക്കെതിരെ നടപടി എടുക്കാത്തതും ആയുധമാക്കാനാണ് ബിജെപി തീരുമാനം. ഇരട്ടനീതി എന്നവാദത്തിലാണ് ബിജെപി ഊന്നൽ നൽകുന്നത്.
തീവ്രഹിന്ദുനിലപാട് സ്വീകരിക്കുന്ന പിസി ജോർജ്ജിനെ ഹിന്ദുമഹാസമ്മേളനത്തിലേക്ക് ക്ഷണിച്ചത് ബോധപൂർവ്വം തന്നെയായിരുന്നു. മുമ്പ് എൻഡിഎയുടെ ഭാഗമായിരുന്ന ജോർജ്ജ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ഒറ്റയ്ക്കാണ്. ചില മുസ്ലീം വിഭാഗങ്ങളുടെ എതിർപ്പാണ് തോൽവിക്ക് കാരണമെന്ന് കരുതുന്ന ജോർജ്ജ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയോട് കൂടുതൽ അടുപ്പം സൂക്ഷിച്ചിരുന്നു. തീവ്രഹിന്ദു നിലപാടുകൾ കേരളത്തിൽ സ്വീകരിക്കണോ വേണ്ടയോ എന്ന സംശയം എല്ലാ കാലത്തും ബിജെപിയെ അലട്ടിയിരുന്നു. അടുത്തിടെ ഹലാലും ലൗവ് ജീഹാദുമൊക്കെ പ്രചാരണമാക്കി പുതിയ പരീക്ഷത്തിലായിരുന്നു ബിജെപി. ക്രൈസ്തവ വിഭാഗത്തിൻറെ പിന്തുണ കൂടി ഇത് വഴി ഉറപ്പാക്കാനാകുമെന്നാണ് പാർട്ടിയുടെ ചിന്ത. അത്തരം പരീക്ഷണത്തിൻ്റെ ഒടുവിലത്തെ ഉദാഹരമാണ് ജോർജ്ജിനെ ഏറ്റെടുക്കൽ.