ബെംഗളൂരു: കര്‍ണാടകയില്‍ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരന്‍റെ മരണത്തില്‍ മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. മന്ത്രിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ കോണ്‍ഗ്രസ് കര്‍ണാടക ഗവര്‍ണറെ സമീപിച്ചു. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്.
ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് സന്തോഷിന്‍റെ കുടുംബം. മന്ത്രി കാരണമാണ് സന്തോഷ് ആത്മഹത്യ ചെയ്തത് എന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായി തുടരുകയാണ്. കർണാടകയിൽ വിവിധയിടങ്ങളില്‍ മന്ത്രി ഈശ്വരപ്പയുടെ കോലം കത്തിച്ചു.
മന്ത്രിയുടെ അറസ്റ്റ് വൈകുന്നതില്‍ ഇടപെടല്‍ തേടി കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി ഈശ്വരപ്പയക്കെതിരെ ഉഡുപ്പി പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. മന്ത്രിയുടെ സഹായികളായ ബസവരാജ്, രമേഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തു. 15 ലക്ഷം രൂപ കൈക്കൂലി നല്‍കിയിട്ടും മന്ത്രി വഴങ്ങിയില്ലെന്നും 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു കരാറുകാരനായ സന്തോഷിന്‍റെ വെളിപ്പെടുത്തല്‍.
റോഡ് നിര്‍മ്മാണ കരാറുകാരനായ സന്തോഷ് 4 കോടി രൂപയുടെ ബില്ല് പാസാവാതായതോടെയാണ് മന്ത്രിയെ സമീപിച്ചിരുന്നത്. മന്ത്രിക്ക് എതിരെ പ്രധാനമന്ത്രിക്കും കേന്ദ്രഗ്രാമവികസന മന്ത്രിക്കും കത്തയച്ചതിന് പിന്നാലെയാണ് സന്തോഷിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. വിഷയത്തിൽ ബിജെപി നേതൃത്വവുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവ്വരാജ് ബൊമ്മയ്യ പറഞ്ഞു. നിയമസഭാ തെരഞ്ഞടെുപ്പ് അടുത്തിരിക്കേ വിഷയം സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. മന്ത്രിയുടെ രാജി ആവശ്യം നേതൃത്വം പരിഗണിക്കുകയാണെന്നാണ് സൂചന