ബംഗാള്‍ : ബിര്‍ഭുമിലെ അക്രമത്തിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി. ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്റ മൂക്കിന് പരുക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കയ്യാങ്കളിയില്‍ ബിജെപി എംഎല്‍എ മനോജ് ടിഗ്ഗ യുടെ വസ്ത്രങ്ങള്‍ കീറി. വനിതകള്‍ ഉള്‍പ്പെടെ 8 ബിജെപി അംഗങ്ങള്‍ക്കു പരുക്കേറ്റതായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. സംഭവത്തില്‍ സുവേന്ദു അധികാരിഉള്‍പ്പെടെ 5 ബിജെപി അംഗങ്ങളെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. ബിര്‍ഭും അക്രമം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.
ബിര്‍ഭും ആക്രമണം സിബിഐ അന്വേഷിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ബംഗാള്‍ പൊലീസ് സമര്‍പ്പിച്ച കേസ് ഡയറി പരിശോധിച്ച ശേഷമായിരുന്നു കോടതി ഉത്തരവ്. ഏപ്രില്‍ ഏഴിന് മുമ്പായി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിര്‍ഭുമില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമികള്‍ വീടുകള്‍ക്ക് തീ വച്ചതിനെ തുടര്‍ന്ന് 8 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ആക്രമണത്തില്‍ പത്തോളം വീടുകള്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു. സംഭവത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരുന്നു.