ദില്ലി : രാഹുൽ ഗാന്ധി സ്പീക്കർക്ക് മാപ്പെഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഇതിനു ശേഷമേ സഭയിൽ സംസാരിക്കാൻ അനുവദിക്കാവൂ എന്ന് പാർലമെൻററികാര്യമന്ത്രി പ്രൾഹാദ് ജോഷി ആവശ്യപ്പെട്ടു. എന്നാൽ അദാനി വിഷയം ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കണം എന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. രാഹുൽ ഗാന്ധിക്ക് ദില്ലി പൊലീസ് നൽകിയ നോട്ടീസ് ജനാധിപത്യവിരുദ്ധ നീക്കങ്ങളുടെ തെളിവാണെന്ന് കോൺഗ്രസ് പറഞ്ഞു. നിയമപരമായി വിഷയത്തെ നേരിടും എന്നും കോൺഗ്രസ് വ്യക്തമാക്കി. വിദേശത്ത് നടത്തിയ പരാമർശങ്ങളുടെ പേരിൽ ഭരണപക്ഷം തുടർച്ചയായി പ്രതിഷേധം ഉയർത്തുന്നതിനിടെ രാഹുൽ ഇന്നലെ പാർലമെന്റിൽ എത്തിയിരുന്നു. അദാനി വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് , AAP എംപിമാർ രാജ്യസഭയിൽ നോട്ടീസ് നൽകി.
രാജ്യത്ത് ജനാധിപത്യം ശക്തമാണെങ്കിൽ തന്നെ പാർലമെൻറിൽ സംസാരിക്കാൻ അനുവദിക്കണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്. ലണ്ടനിൽ നടത്തിയ പ്രസ്താവനയിൽ സഭയ്ക്കകത്ത് വിശദീകരണം നൽകാൻ തയ്യാറെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. നാല് കേന്ദ്രമന്ത്രിമാരാണ് തനിക്കെതിരെ ആരോപണമുന്നയിച്ചത്. വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിമാർക്ക് കിട്ടിയ അവസരം തനിക്കുമുണ്ടാകുമെന്നും കരുതുന്നതായും അദ്ദേഹം പറഞ്ഞു. വിശദീകരണം നൽകുകയെന്നത് തന്റെ അവകാശമാണ്. ഇനിയതല്ല താൻ നിശബ്ദനാക്കപ്പെടുമോയെന്നതും കണ്ടറിയേണ്ടി വരുമെന്നും രാഹുൽ ഗാന്ധി ദില്ലിയിൽ ഇന്നലെ വിശദീകരിച്ചു.