ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -മൂന്നിന്‍റെ വിജയം ബി.ജെ.പി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. രാജ്യത്തിന്‍റെ എല്ലാ നേട്ടങ്ങളും തങ്ങളുടെ നേട്ടമായി വരുത്തിത്തീർക്കാനാണ് മോദി സർക്കാറിന്‍റെ ശ്രമമെന്നും അവർ പരിഹസിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് (ട്വിറ്റർ) മഹുവയുടെ പ്രതികരണം.
‘ഐ.എസ്.ആർ.ഒ ഇപ്പോൾ ബി.ജെ.പിയുടെ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ടൂളാണ്. ദേശീയത തലക്കുപിടിച്ചവരെ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കാനായി എല്ലാ നേട്ടങ്ങളും ഉപയോഗിക്കും. പതിറ്റാണ്ടുകളുടെ ഇന്ത്യൻ ശാസ്ത്ര ഗവേഷണ വളർച്ച മോദിയുടെ മാന്ത്രിക വിദ്യയുടെ ഫലമാണെന്ന് പ്രചരിപ്പിക്കാൻ ഭക്തരും ട്രോളന്മാരും ഇരുപത്തിനാലുമണിക്കൂറും പ്രവർത്തിക്കുകയാണ്. ഉണരൂ, ഇന്ത്യ. ഞാൻ ദേശവിരുദ്ധയല്ല’ -മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
ആഗസ്റ്റ് 23ന് വൈകീട്ട് 6.04ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഐ.എസ്.ആർ.ഒയുടെ ലാൻഡർ വിജയകരമായി ഇറക്കി ഇന്ത്യ ചരിത്രമെഴുതിയിരുന്നു. നാഴികക്കല്ലായ നേട്ടത്തിന് മോദി രാജ്യത്തെ അഭിനന്ദിക്കുകയും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിനെ വിളിക്കുകയും ചെയ്തിരുന്നു