തിരുവനന്തപുരം : കേരള പൊലീസ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംഘം ഡിജിപി അനില്‍കാന്തിനെ കണ്ടു. പ്രതിരോധ കസ്റ്റഡിയുടെ പേരില്‍ പൊലീസ് സംഘപരിവാര്‍ നേതാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. മറ്റു ജില്ലകളിലെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് തടങ്കലില്‍ വയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. വനിതാ ജനപ്രതിനിധിമാരെ ഉള്‍പ്പെടെ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അപമാനിക്കുകയാണ്. പൊലീസിനെ ഉപയോഗിച്ച് ബിജെപിയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്നത് വ്യാമോഹമാണെന്നും ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഡിജിപിയോട് പറഞ്ഞു.
രണ്ടു മാസം കൊണ്ട് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിച്ച എസ്ഡിപിഐക്കും പിഎഫ്‌ഐയ്ക്കും എതിരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. അവരുടെ കൊലയാളി സംഘത്തെ സംസ്ഥാനം വിടാന്‍ സഹായിച്ചത് പൊലീസാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ഭരണകക്ഷിയായ സിപിഎമ്മും ഇസ്ലാമിക ഭീകര സംഘടനകളും കൈകോര്‍ത്തിരിക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തിലെ ദേശീയ ശക്തികളെ ഉന്മൂലനം ചെയ്യുക എന്നതാണ് അവരുടെ പൊതു ലക്ഷ്യമെന്നും ബിജെപി സംഘം ഡിജിപിയോട് വിശദീകരിച്ചു. ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം ഏകപക്ഷീയമായ രീതിയിലാണ് നടക്കുന്നത്. പൊലീസിന്റെ വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപി ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.