മുംബൈ: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ഗുസ്തി താരങ്ങളുടെ പരാതി ഗൗരവത്തിലെടുക്കണമെന്ന് മഹാരാഷ്ട്രയിൽനിന്നുള്ള വനിത ബി.ജെ.പി എം.പി. അപകടത്തിൽ മരിച്ച മുതിർന്ന ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകൾ പ്രീതം മുണ്ടെയാണ് ഗുസ്തി താരങ്ങളെ അനുകൂലിച്ച് പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയത്.
ബി.ജെ.പിയിൽ പ്രമുഖയും മുൻമന്ത്രിയുമായ പങ്കജ മുണ്ടെയുടെ സഹോദരിയുമാണ് പ്രീതം. ‘സ്ത്രീകൾ ഇത്തരം ഗൗരവമേറിയ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തന്നെ അത് ഗൗരവത്തിലെടുക്കണം. ബന്ധപ്പെട്ട അധികാരികൾ അന്വേഷണം നടത്തണം. അന്വേഷണശേഷമേ നടപടിയെടുക്കാൻ പറ്റുകയുള്ളൂവെന്നറിയാം. പക്ഷേ ഇത്തരം പരാതികൾ നിസ്സാരമായി കാണരുത്. ഗുസ്തി താരങ്ങൾ ഇത്തരത്തിൽ പരാതി ഉന്നയിക്കുമ്പോൾ അതിനെ ഉടനെ ഗൗരവത്തിലെടുക്കണം’ -തന്റെ മണ്ഡലവും നാടുമായ ബീഡിൽ പ്രീതം പറഞ്ഞു.
ബ്രിജ് ഭൂഷണെ രക്ഷിക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെ ആദ്യമായാണ് ബി.ജെ.പിയിലെ വനിതാ എം.പി വിഷയത്തിൽ പ്രതികരിക്കുന്നത്. വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ വനിത കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി ഓടിമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് പാർട്ടി നിയന്ത്രണം ദേവേന്ദ്ര ഫഡ്നാവിസിന്റെ കൈകളിലെത്തിയതോടെ മുണ്ടെ വിഭാഗം അവഗണന നേരിടുന്നുവെന്ന ആരോപണമുണ്ട്.