ഭദോഹി: ഉത്തർപ്രദേശിലെ ഭദോഹിയിൽ ബി.ജെ.പി വനിതാവിഭാഗം നേതാവ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. മഹിളാ മോർച്ച ഭദോഹി ജില്ലാ ജനറൽ സെക്രട്ടറിയും കൻസരായ് പൂർ സ്വദേശി മദൻ ഗൗതമിന്റെ ഭാര്യയുമായ സവിത ഗൗതം (45) ആണ് ജീവനൊടുക്കിയത്.
ശനിയാഴ്ച വൈകിട്ടാണ് പൊലീസ് വിവരമറിഞ്ഞതെന്ന് സിറ്റി ഏരിയ പൊലീസ് ഓഫിസർ അജയ് കുമാർ ചൗഹാൻ പറഞ്ഞു. വീടിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയ സവിതയെ വീട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് വീട്ടുകാർ മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും പൊലീസ് ഇടപെട്ട് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികൾ തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടെന്നും അതാകാം മരണകാരണമെന്നും ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.
മകളെ ഡോക്ടറെ കാണിക്കാൻ പോയി തിരിച്ചെത്തിയ സവിത ശനിയാഴ്ച വൈകുന്നേരത്തോടെ പുറത്തുപോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിൽ സമീപത്തെ ഷെഡിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു.
മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ മരണകാരണം പറയാനാകൂവെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പിലെ കൈയക്ഷരം ഫൊറൻസിക് പരിശോധനക്ക് വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സവിത ഗൗതം വർഷങ്ങളായി ബി.ജെ.പിയുടെ സജീവ പ്രവർത്തകയാണെന്ന് ബി.ജെ.പി ജില്ല വക്താവ് ഗോവർദ്ധൻ റായ് പറഞ്ഞു. മരണവിവരമറിഞ്ഞ് നിരവധി നേതാക്കൾ ആശുപത്രിയിലും വീട്ടിലും എത്തി.