ചെന്നൈ∙ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന് മോഹിക്കുന്ന ബിജെപി, വിഡ്ഢികളുടെ സ്വർഗത്തിലെന്ന് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ. 2024ലെ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിക്ക് ഒറ്റ സീറ്റ് പോലും കിട്ടില്ലെന്ന് കേജ്‍രിവാൾ പറഞ്ഞു. അഴിമതിക്കാരായ നേതാക്കളെല്ലാം ബിജെപിയിൽ അഭയം തേടുകയാണ്. കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരെ പിന്തുണ തേടി സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കേജ്‍രിവാൾ.‘‘മന്ത്രിമാരെ അറസ്റ്റ് ചെയ്തും ഭയം പരത്തിയും ചില സംസ്ഥാനങ്ങളിൽ സീറ്റ് നേടാമെന്ന് ബിജെപി കരുതുന്നുണ്ടെങ്കിൽ അവർക്കു തെറ്റി. ഇതെല്ലാം ഈ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്ന് അവർക്ക് ഓർമ വേണം. സിബിഐയോ ഇഡിയോ റെയ്ഡ് നടത്തിയാൽ അവർ എന്തോ തെറ്റു ചെയ്തവരാണെന്ന് പൊതുജനം കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ആ കാഴ്ചപ്പാട് മാറി. അഴിമതി തൊട്ടുതീണ്ടാത്തവരെ മാത്രമേ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്യൂവെന്നാണ് ഇപ്പോഴത്തെ സ്ഥിതി. സിബിഐയും ഇഡിയും ഇപ്പോൾ അന്വേഷണ ഏജൻസികളല്ല. അവരെ ബിജെപി സേനയെന്നു വിളിക്കുന്നതാകും ഉത്തമം’’ – കേജ്‍രിവാൾ പറഞ്ഞു.
തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത രീതിയെയും കേജ്‍രിവാൾ വിമർശിച്ചു. ‘‘തമിഴ്നാട്ടിൽ മന്ത്രിയെ അറസ്റ്റ് ചെയ്ത രീതി തന്നെ ശരിയല്ല. അഴിമാതിക്കാരല്ല സിബിഐയുടെയും ഇഡിയുടെയും ഉന്നമെന്ന് ഈ രാജ്യം മനസ്സിലാക്കുന്നുണ്ട്. മറിച്ച് അഴിമതിക്കാരെല്ലാം ഇപ്പോൾ ബിജെപിയിൽ അഭയം തേടുകയാണ്. അവർക്കു സംരക്ഷണം ലഭിക്കുമ്പോൾ സിബിഐയും ഇഡിയും എതിർപക്ഷത്തുള്ളവരെ ഉന്നമിടുന്നു. തമിഴ്നാട്ടിൽ ബിജെപിക്ക് ഒറ്റ സീറ്റു പോലും കിട്ടാൻ പോകുന്നില്ല. ഞങ്ങളെല്ലാവരും സ്റ്റാലിന്റെ സർക്കാരിന്റെ പൂർണമായി പിന്തുണയ്ക്കുന്നു’’ – കേജ്‍രിവാൾ പറഞ്ഞു.