പട്ന: ലോക്സഭ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദം തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ തന്നെ പൊളിഞ്ഞുവെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ആദ്യഘട്ട വോട്ടെടുപ്പിൽ മഹാഗഡ്ബന്ധൻ നാലു സീറ്റുകളിൽ വിജയിക്കുമെന്ന് ഉറപ്പായി. ബി.ജെ.പിയുടെ 400 സീറ്റെന്ന അവകാശവാദം വോട്ടെടുപ്പിന്റെ ആദ്യദിനം തന്നെ തകർന്നിരിക്കുകയാണ്. ബിഹാറിലെ ജനതക്ക് എല്ലാമറിയാം. ഇത്തവണ അവർ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുമെന്നും ആർ.ജെ.ഡി നേതാവ് പറഞ്ഞു.
ആദ്യഘട്ടത്തിൽ ഒരു മത്സരവുമില്ല. ഇത്തവണ ബിഹാർ ബി.ജെ.പിയെ ഞെട്ടിക്കുന്ന പ്രഹരം നൽകുമെന്ന് നേരത്തേ ഞങ്ങൾ പറഞ്ഞതാണ്. ബിഹാറിലെ ജനതക്കായി അവർ ഒന്നും ചെയ്തിട്ടില്ല. 2014ലും 2019ലും പ്രധാനമന്ത്രി നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. അവരുടെ പ്രസ്താവനകളിലും പൊള്ളയായ വാഗ്ദാനങ്ങളിലും ജനങ്ങൾക്ക് മനസു മടുത്തു. ബിഹാറിന് പ്രത്യേക പദവിക്കൊപ്പം പ്രത്യേക പാക്കേജാണ് ഞങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.-തേജസ്വി യാദവ് പറഞ്ഞു.
പ്രാദേശിക പ്രശ്നങ്ങളാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. മഹാഖഡ്ബന്ധനും ഇൻഡ്യ സഖ്യവും ഒരുമിച്ചാണ് പണിയെടുക്കുന്നത്. ബിഹാറിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. അതോടൊപ്പം പണപ്പെരുപ്പം, ദാരിദ്ര്യം, നിക്ഷേപം, കുടിയേറ്റം, വെള്ളപ്പൊക്കം എന്നിവയും ജനങ്ങളെ വലക്കുന്ന പ്രശ്നങ്ങളാണ്. ഇത്തവണ ബി.ജെ.പിക്ക് ആശങ്കയേറിയിട്ടുണ്ട്. ഭരണഘടനയെ ഇല്ലാതാക്കുമെന്നാണ് അവർ പറയുന്നത്. ഭരണഘടനയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ സ്വയം നശിക്കും.-ബിഹാർ മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന തേജസ്വി അവകാശപ്പെട്ടു. ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിൽ 48.88 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.