പട്ന: രാജ്യത്ത് കോൺഗ്രസും ആർ.എസ്.എസും ബി.ജെ.പിയും തമ്മിൽ പ്രത്യയശാസ്ത്ര യുദ്ധം നടക്കുകയാണെന്ന് രാഹുൽ ഗാന്ധി. ബിഹാറിലെ കോൺഗ്രസ് ഓഫീസിൽ വെച്ച് പാർട്ടി പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ബി.ജെ.പി രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസിന്‍റെ ലക്ഷ്യം ഐക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“രാജ്യത്ത് ഒരു പ്രത്യയശാസ്ത്രയുദ്ധം നടക്കുന്നുണ്ട്. അതിന്‍റെ ഒരു വശത്ത് കോൺഗ്രസിന്‍റെ ഭാരത് ജോഡോയും മറുഭാഗത്ത് ബി.ജെ.പിയുടെ ഭാരത് തോഡോയുമാണ്. കോൺഗ്രസിന്‍റെ ഡി.എൻ.എ ബിഹാറിലാണ്. ബി.ജെ.പി രാജ്യത്ത് വെറുപ്പും അക്രമവും അഴിച്ചുവിട്ട് രാജ്യത്ത് തകർക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ എല്ലാവരെയും ഒരുമിപ്പിക്കാനാണ് നമ്മൾ പ്രയത്നിക്കുന്നത്” രാഹുൽ ഗാന്ധി പറഞ്ഞു.
തെലങ്കാനയിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും തങ്ങൾ വിജയിക്കും. ബി.ജെ.പി ക്രമേണ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ബിഹാറിൽ വിജയിക്കാനായാൽ കോൺഗ്രസിന് രാജ്യത്താകെ വിജയിക്കാനാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി മുന്നോട്ട് വെച്ച ആശയത്തെ ഒറ്റക്കെട്ടായി നയിക്കേണ്ടതുണ്ട്. രാജ്യത്തിനൻറെ അഖണ്ഡതയ്ക്കും ജനാധിപത്യത്തിനും വേണ്ടി െല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഖാർഗെ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ബിഹാറിൽ പ്രതിപക്ഷ യോഗം പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി, തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.