ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരെ ലക്ഷ്യമിട്ട് ബിജെപി. ദേശീയ വോട്ടേഴ്സ് ദിനത്തിൽ രാജ്യമാകെ അയ്യായിരം ഇടങ്ങളിൽ യോഗം സംഘടിപ്പിക്കും. കേരളത്തിൽ നൂറ്റി നാല്പത് നിയോജക മണ്ഡലങ്ങളിലും പരിപാടി സംഘടിപ്പിക്കും. കോളേജ് വിദ്യാർത്ഥികൾ മുതൽ യുവ വൈദികരിലേക്ക് വരെ പ്രചാരണം എത്തിക്കാൻ ദില്ലിയിൽ ജെ പി നദ്ദ വിളിച്ച യോഗത്തിൽ യുവജന സംഘടനകൾക്ക് നിർദേശം നൽകി. കന്നി വോട്ടർമാരെ പിടിക്കാൻ ബിജെപി ജനുവരി 24 ന് വോട്ടേഴ്സ് ദിനത്തിൽ രാജ്യവ്യാപകമായി 5000 ഇടങ്ങളിലാണ് നവ് മത് ദാതാ സമ്മേളൻ സംഘടിപ്പിക്കുന്നത്. കേരളത്തിൽ 140 നിയോജക മണ്ഡലങ്ങളിലും യോഗം സംഘടിപ്പിക്കും. യുവമോർച്ചയ്ക്കാണ് സംഘാടന ചുമതല.
ഓരോ പരിപാടിയിലും ആയിരം യുവ വോട്ടർമാരെ എത്തിക്കാനാണ് കേന്ദ്ര നേതൃത്ത്വം കേരള ഘടകത്തിന് നൽകിയിരിക്കുന്ന നിർദേശം.ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഒരു മണ്ഡലത്തിൽ രണ്ട് വീതം പരിപാടികൾ നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവഴി രാജ്യത്തെ 50 ലക്ഷം യുവ വോട്ടർമാരിലേക്ക് പ്രചാരണമെത്തിക്കുകയാണ് ലക്ഷ്യം. അന്നേദിവസം സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രധാന്യത്തെകുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഓരോ വേദിയിലും പ്രദർശിപ്പിക്കും. ഹോളോഗ്രാം സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രദർശനം സംഘടിപ്പിക്കാനാണ് ആലോചന.
കേന്ദ്രമന്ത്രിമാരുടെയും നേതാക്കളുടെയും സാന്നിധ്യമുണ്ടാകും. അനിൽ ആന്റണിക്കാണ് ദക്ഷിണേന്ത്യയിൽ നവ് മത് ദാതാ സമ്മേളനത്തിന്‍റെ ഏകോപന ചുമതല. പരിപാടിക്ക് മുന്നോടിയായി ജനുവരി 12 ന് സംവാദ സദസ്സ് ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കും. കോളേജ് വിദ്യാർത്ഥികൾ, ആദിവാസികൾ, വിവിധ ജനവിഭാഗങ്ങളിലെ പ്രമുഖർ എന്നിവരെ ബിജെപി നേതാക്കൾ സന്ദർശിക്കുന്ന പ്രചാരണത്തിനും ഈമാസം തുടക്കമിടും. ക്രൈസ്തവ വൈദിക വിദ്യാർത്ഥികളിലേക്കും പ്രചാരണം എത്തിക്കും.