ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വിവാദ പരാമർശം നടത്തിയ ബി.ജെ.പി എം.പി നവനീത് റാണക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസിന് നൽകുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടാണെന്ന പരാമർശമാണ് കേസിനാധാരം. തെലങ്കാനയിലെ ഷാദ്നഗറിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്നു കാണിച്ച് തെരഞ്ഞടുപ്പ് കമീഷൻ ഫ്ളയിങ് സ്ക്വാഡ് അംഗമായ കൃഷ്ണമോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാഴാഴ്ചയാണ് നവനീത് വിവാദ പ്രസ്താവന നടത്തിയത്. എ.ഐ.എം.ഐ.എമ്മിനോ കോൺഗ്രസിനോ നൽകുന്ന ഓരോ വോട്ടും നേരിട്ട് പാകിസ്താന് പോകും. ഈ രണ്ടു കക്ഷികളോടും പാകിസ്താൻ പ്രത്യേക താൽപര്യം കാണിക്കുന്നുണ്ട്. മോദിയുടെ തോൽവിയും രാഹുലിന്റെ വിജയവും ഉറപ്പാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. പാകിസ്താന്റെ താൽപര്യം അനുസരിച്ചാണ് കോൺഗ്രസ് രാജ്യം ഭരിച്ചത്. അതിനാൽ പാകിസ്താന് അവരോട് പ്രത്യേക താൽപര്യമുണ്ടെന്നും നവനീത് റാണ പറഞ്ഞു.
മഹാരാഷ്ട്രയിലെ അമരാവതിയിൽ ഇത്തവണത്തെ ബി.ജെ.പി സ്ഥാനാർഥി കൂടിയാണ് നവനീത് റാണ. കഴിഞ്ഞയാഴ്ചയും സമാന രീതിയിൽ അവർ വിദ്വേഷ പരാമർശവുമായി രംഗത്തുവന്നിരുന്നു. ഹൈദരാബാദിനെ പാകിസ്താൻ ആകുന്നതിൽനിന്ന് ബി.ജെ.പി സ്ഥാനാർഥി രക്ഷിക്കുമെന്നായിരുന്നു പ്രസ്താവന. ബി.ജെ.പി സ്ഥാനാർഥി മാധവി ലതക്ക് വേണ്ടി പ്രചാരണം നടത്തവെയാണ് രണ്ടുതവണയും വിവാദ പരാമർശം നടത്തിയത്.