പട്ന: അർബുദ ബാധിതനായാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി. ആറുമാസമായി സുശീൽ കുമാറിന് അർബുദം സ്ഥിരീകരിച്ചിട്ട്. ഫെബ്രുവരിയിൽ ബി.ജെ.പി പുറത്തുവിട്ട രാജ്യസഭ സ്ഥാനാർഥികളുടെ പട്ടികയിൽ സുശീൽ കുമാറിന്റെ പേരുണ്ടായിരുന്നില്ല. ഇതിനു പിന്നാലെ നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു.
ഒരുകാലത്ത് പാർട്ടിക്കുള്ളിലെ ഉരുക്കു മനുഷ്യനായി അറിയപ്പെട്ടിരുന്ന 72കാരനായ സുശീൽ കുമാർ 30 വർഷമായി ബി.ജെ.പിയിലുണ്ട്. ”കഴിഞ്ഞ ആറുമാസമായി അർബുദത്തോട് പോരാടുകയാണ് ഞാൻ. അതെ കുറിച്ച് ജനങ്ങളോട് പറയാനുള്ള സമയമായെന്ന് തോന്നി.ലോക്സഭ തെരഞ്ഞെടുപ്പിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. എല്ലാ കാര്യങ്ങളും ഞാൻ പ്രധാനമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. എല്ലായ്പ്പോഴും ഞാൻ രാജ്യത്തോടും പാർട്ടിയോടും കടപ്പെട്ടിരിക്കുന്നു.”-എന്നാണ് രോഗവിവരത്തെ കുറിച്ച് സുശീൽ മോദി ട്വീറ്റ് ചെയ്തത്. രോഗത്തെ ചെറുത്ത് തോൽപിക്കാൻ സുശീൽ മോദിക്ക് കഴിയട്ടെ എന്നായിരുന്നു രാഷ്ട്രീയ എതിരാളിയും സുഹൃത്തുമായ ശിവാനന്ദ് തിവാരിയുടെ പ്രതികരണം. നിതീഷ് കുമാറിന്റെ ഭരണകാലത്ത് 11 വർഷത്തോളമാണ് സുശീൽ കുമാർ ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്നത്.
ആരോഗ്യനില മോശമായെങ്കിലും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള 27 അംഗ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കമ്മിറ്റിയിൽ ബി.ജെ.പി അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു. കമ്മിറ്റിയിൽ ധനമന്ത്രി നിർമല സീതാരാമനും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും യഥാക്രമം കൺവീനറായും കോ-കൺവീനർമാരായും പ്രവർത്തിക്കും.