വിജയവാഡ : ആന്ധ്രാപ്രദേശിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിന് സമീപം കറുത്ത ബലൂണുകൾ. വിജയവാഡയിലെ ഗന്നവാരം വിമാനത്താവളത്തിൽ പറന്നുയർന്ന ഉടൻ പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്ററിന് സമീപത്താണ് ബലൂണുകള്‍ കാണപ്പെട്ടത്. ഇത് സുരക്ഷ വീഴ്ചയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുരക്ഷാ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും എയർപോർട്ടിൽ നിന്ന് 4.5 കിലോമീറ്റർ അകലെ രണ്ട് ബലൂണുകൾ ഉയര്‍ന്നത് എന്നാണ് ആന്ധ്ര പൊലീസ് പറയുന്നത്. പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്റർ പറന്നുയർന്ന വിമാനത്താവളത്തിൽ ചില കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചിരുന്നു. കറുത്ത ബലൂണുകളും പ്ലക്കാർഡുകളും പിടിച്ച് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് മുദ്രാവാക്യം വിളിക്കുന്നതായിരുന്നു ഇവര്‍.
നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബലൂണ്‍ പറത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇതില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയെന്നാണ് വിവരം. കറുത്ത ബലൂണുകൾ കാണിച്ച് പ്രധാനമന്ത്രി മോദിക്കെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. ഹൈദരാബാദിൽ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി വിജയവാഡയില്‍ എത്തിയത് അവിടെ നിന്നും ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി ഭീമവാരത്തെത്തി. സുങ്കദര പത്മശ്രീ, പാർവതി, കിഷോർ എന്നീ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് ആന്ധ്ര പൊലീസ് പറയുന്നത്.