കൊച്ചി : ഫേസ്ബുക്കിൽ വിദ്വേഷ പോസ്റ്റ് ഇട്ട കേസിൽ സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ അഡ്വക്കേറ്റ് കൃഷ്ണ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലെ വാദം ഇന്ന് പൂർത്തിയായി. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു മതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസ് കേസ് എടുത്തത്. മതനിന്ദ വകുപ്പ് ചേർത്താണ് കേസ്. ഇതിനെതിരെയാണ് അഡ്വ. കൃഷ്ണ രാജ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
മതനിന്ദ നടത്തിയിട്ടില്ലെന്നും സാമൂഹിക മാധ്യമത്തിൽ പ്രചരിച്ച ചിത്രമാണ് പോസ്റ്റ് ചെയ്തതെന്നും അഡ്വ. കൃഷ്ണ രാജ് വ്യക്തമാക്കിയിരുന്നു. കേസ് ദുരുദ്ദേശ്യപരമാണെന്നും അറസ്റ്റിനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു അഡ്വ. കൃഷ്ണ രാജിന്റെ ആവശ്യം. സ്വപ്ന സുരേഷിന് വേണ്ടി കോടതിയിൽ ഹാജരായതിനുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്നും അഭിഭാഷകൻ വാദിച്ചു.
മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോ ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
‘ഹൂറികളെ തേടിയുള്ള തീർത്ഥ യാത്ര. കൊണ്ടോട്ടിയിൽ നിന്നും കാബൂളിലേക്ക് പിണറായി സർക്കാർ ഒരുക്കിയ പ്രത്യേക സർവീസ്. ആട് മേക്കാൻ താല്പര്യം ഉള്ള ആർക്കും കേറാം. സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം’.
ഈ തലക്കെട്ടോടെയെയായിരുന്നു അഡ്വ. കൃഷ്ണ രാജ് ഫോട്ടോ പങ്കുവച്ചത്. പിന്നീട് തിരുവനന്തപുരം തമ്പാനൂരിൽനിന്നു മാവേലിക്കരയിലേക്ക് പോകുന്ന ബസിൽ നിന്നെടുത്ത ചിത്രമാണിതെന്ന അവകാശവാദത്തോടെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രചാരണം ഏറ്റെടുത്തിരുന്നു.