സുഖ്മ: ഛത്തീസ്ഗഢിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് സ്ഫോടനം. നക്സൽ ബാധിത സുഖ്മ ജില്ലയിലാണ് സ്ഫോടനം നടന്നത്. ഐഇഡി സ്ഫോടനത്തിൽ സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റായ കോബ്രയുടെ ഒരു കമാൻഡോക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സിആർപിഎഫിന്റെയും കോബ്ര 206-ാം ബറ്റാലിയന്റെയും സംയുക്ത സംഘം തോണ്ടമാർക ക്യാമ്പിൽ നിന്ന് എൽമഗുണ്ട ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കോബ്രാ 206-ാം ബറ്റാലിയനിലെ ഇൻസ്പെക്ടർ ശ്രീകാന്തിനാണ് പരിക്കേറ്റത്. നക്സലൈറ്റുകൾ സ്ഥാപിച്ച ഐഇഡിക്ക് മുകളിൽ ചവിട്ടുകയായിരുന്നുവെന്നാണ് വിവരം.
90 അംഗ സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കോണ്ട നിയമസഭാ സെഗ്മെന്റിന് കീഴിലാണ് ഈ പ്രദേശം.