നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘടകങ്ങളും ആവശ്യമായി വരാറുണ്ട്, അല്ലേ? വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെ പലതും. ഇതെല്ലാം തന്നെ അധികവും ഭക്ഷണത്തിലൂടെയാണ് നാം നേടുന്നത്.
എന്നാല്‍ ഇത്തരത്തില്‍ നമുക്ക് അവശ്യം വേണ്ട ഘടകങ്ങളില്‍ ഏതിലെങ്കിലും കുറവ് സംഭവിച്ചാല്‍ അത് സമയത്തിന് നമുക്ക് സ്വയം തിരിച്ചറിയാൻ സാധിക്കണമെന്നില്ല. അതേസമയം ഇതിനെ സൂചിപ്പിക്കാൻ ശരീരം ചില ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്തേക്കാം.
അത്തരത്തില്‍ വൈറ്റമിൻ-സി കുറഞ്ഞാല്‍ ശരീരത്തില്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
മുറിവുണങ്ങല്‍…
കോശകലകളുടെ രൂപീകരണത്തിനും ചര്‍മ്മത്തിലെ കൊളാജൻ എന്ന ഘടകത്തിന്‍റെ ഉത്പാദനത്തിനുമെല്ലാം വൈറ്റമിൻ സി ആവശ്യമാണ്. അതിനാല്‍ തന്നെ വൈറ്റമിൻ സി കുറഞ്ഞുപോയാല്‍ മുറിവുകള്‍ ഉണങ്ങാനോ, മുറിവ് കൂടാനോ എല്ലാം പ്രയാസമായിരിക്കും.
തളര്‍ച്ച…
എപ്പോഴും ക്ഷീണവും തളര്‍ച്ചയും തോന്നുന്നുവെങ്കില്‍ ഇതും വൈറ്റമിൻ-സി കുറവ് മൂലമാകാം. ഡയറ്റില്‍ വൈറ്റമിൻ-സി സമ്പന്നമായ ഭക്ഷണം പതിവായി ഉള്‍പ്പെടുത്തി നോക്കിയാല്‍ ഇതില്‍ വ്യത്യാസം വരുന്നത് മനസിലാക്കാം.
മോണയില്‍ നിന്ന് രക്തം…
വൈറ്റമിൻ-സി കുറയുന്നതിന്‍റെ മറ്റൊരു ലക്ഷണമാണ് മോണയില്‍ നിന്നുള്ള രക്തസ്രാവം. പല്ലിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും മോണയില്‍ നിന്ന് രക്തം വരാം. അതിനാല്‍ പതിവായി ഇങ്ങനെ സംഭവിക്കുന്നുവെങ്കില്‍ ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തുന്നതാണ് ഉചിതം. ഒപ്പം തന്നെ ഡയറ്റ് ക്രമീകരിക്കുകയും ചെയ്യാം.
മുറിവുകള്‍ സംഭവിക്കുന്നത്…
ചിലര്‍ക്ക് ശരീരത്തില്‍ എളുപ്പത്തില്‍ മുറിവുകളോ ചതവുകളോ എല്ലാം സംഭവിക്കാറുണ്ട്. ഇതും വൈറ്റമിൻ -സി കുറവിനാല്‍ സംഭവിക്കുന്നതാകാം. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം നല്ലരീതിയില്‍ കഴിച്ചുനോക്കി ഈ വ്യത്യാസം മനസിലാക്കാവുന്നതാണ്.
എല്ലിന് ബലക്ഷയം…
വൈറ്റമിൻ-സി കുറവുണ്ടായാല്‍ മറ്റൊരു പ്രശ്നമായി വരുന്നത് എല്ലിന് ബലക്ഷയമാണ്. കാര്യമായ അളവില്‍ വൈറ്റമിൻ സി കുറവുണ്ടെങ്കില്‍ അത് എല്ല് തേയ്മാനം, എല്ല് പൊട്ടല്‍ എന്നിവയിലേക്കെല്ലാം ക്രമേണ നയിക്കാം.
കഴിക്കേണ്ട ഭക്ഷണങ്ങള്‍…
വൈറ്റമിൻ- സി കുറഞ്ഞാല്‍ അത് പരിഹരിക്കാൻ ഭക്ഷണത്തിലൂടെ തന്നെയാണ് ശ്രമിക്കേണ്ടത്. ഓറഞ്ച്, ചെറുനാരങ്ങ, മഞ്ഞ കാപ്സിക്കം, ബ്രൊക്കോളി, പേരക്ക, പപ്പായ എന്നിങ്ങനെയുള്ള ഭക്ഷണങ്ങളെല്ലാം കഴിക്കുന്നത് നല്ലതാണ്. സിട്രസ് ഫ്രൂട്ട്സ് തന്നെയാണ് വൈറ്റമിൻ-സിയുടെ നല്ല ഉറവിടം.