കൊച്ചി : പൊതുഗതാഗതം തടസപ്പെടുത്തി റോഡില്‍ പന്തല്‍ കെട്ടിയ സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. എല്ലാ ദിവസവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ഇതിനെ ചെറുതായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് കേസുകളിലായി സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് നേതാക്കളോടാണ് കോടതി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്. വഞ്ചിയൂര്‍ സി.പി.എം. ഏരിയാ സമ്മേളനത്തിന് റോഡ് കെട്ടിയടച്ച കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത് എം.എല്‍.എ. തുടങ്ങിയവര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. വഴിയടച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ ജോയിന്റ് കൗണ്‍സില്‍ നടത്തിയ സമരത്തില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കളും ഫെബ്രുവരി പത്തിന് നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു
കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ ഡി.സി.സി. നടത്തിയ സമരവുമായി ബന്ധപ്പെട്ട് ടി.ജെ. വിനോദ് എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസും അന്നേദിവസം ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.