ലോകത്ത് ആളുകള്‍ ഭയത്തോടെ കാണുന്ന ഒരു രോഗമായി മാറിയിരിക്കുകയാണ് ഇന്ന് ക്യാന്‍സര്‍. എന്നാല്‍ മനശക്തി കൊണ്ടും ശരിയായ ക്രമത്തിലുള്ള ചികിത്സയിലൂടെയും ഈ രോഗത്തില്‍ നിന്നും മുക്തരായവര്‍ നിരവധിയുണ്ട്. ചികിത്സിച്ചാലും ഭേദമാകാത്ത രോഗമാണെന്ന ആരോപണങ്ങള്‍ എല്ലാം ഒരു പരിധിയില്‍ തെറ്റാണെന്ന് അര്‍ത്ഥം. തുടക്കത്തില്‍ തന്നെ ഈ രോഗത്തെ തിരിച്ചറിഞ്ഞാല്‍ ഇതത്ര അപകടകാരിയാകുന്നില്ല. ഇതിനൊപ്പം ശരിയായ ചികിത്സയും ലഭിച്ചാല്‍ ഈ രോഗത്തില്‍ നിന്നും മുക്തി നേടാം. ഇന്ന് കുട്ടികളിലും ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നു. ഇന്ത്യയിലെ മുഴുവന്‍ ക്യാന്‍സര്‍ രോഗികളില്‍ വെറും നാല് ശതമാനം മാത്രമാണ് കുട്ടികളുടെ എണ്ണം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഓരോ വര്‍ഷവും 75,000 ത്തിലധികം കുട്ടികളില്‍ കാന്‍സര്‍ രോഗം ബാധിക്കുന്നുണ്ട്. രക്താര്‍ബുദം, മസ്തിഷ്‌ക കാന്‍സര്‍, ലിംഫോമ, ന്യൂറോബ്ലാസ്റ്റോമ, വില്‍ംസ് ട്യൂമറുകള്‍ തുടങ്ങിയവയാണ് കുട്ടികളില്‍ സാധാരണയായി കണ്ടു വരുന്ന ക്യാന്‍സറുകള്‍. ഇതില്‍ ഏകദേശം നാല്പത് ശതമാനം കുട്ടികളെയും ബാധിക്കുന്നത് രക്താര്‍ബുദമാണ്. ലക്ഷണങ്ങള്‍ അവഗണിക്കുന്നതോടെയാണ് ഈ രോഗം സങ്കീര്‍ണ്ണമായി മാറുന്നത്.
ഇടയ്ക്കിടെ ഉണ്ടാകുന്ന പനി. ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കിയിട്ടും ശരീരം അതിനോട് പ്രതികരിക്കാതിരിക്കുക. കുട്ടികള്‍ എപ്പോഴും ക്ഷീണിതരായി ഇരിക്കുക. ലിംഫ് നോഡുകളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും രക്താര്‍ബുദ ലക്ഷണമാണ്. ലിംഫ് നോഡുകള്‍ ശരീരത്തില്‍ ഉടനീളമുണ്ടെങ്കിലും പ്രധാനമായും താടിയിലും കഴുത്തിലും കക്ഷത്തിലും ചെവിക്ക് പുറകിലുമൊക്കെ ഈ നീര്‍ക്കെട്ട് ദൃശ്യമാകാം. കരളും പ്ലീഹയുമെല്ലാം വീര്‍ത്തിരിക്കുക. രക്തസ്രാവം ഉണ്ടാവുക. അതായത് രക്തക്കുഴലുകള്‍ പൊട്ടി മൂക്കില്‍ നിന്നും മറ്റും രക്തം വരുക. കൂടാതെ ശരീരത്തിന്റെ ഓരോരോ ഭാഗങ്ങളിലായി ചുവന്ന നിറം കാണുക. അകാരണമായി ഭാരം നഷ്ടപ്പെടല്‍ രക്താര്‍ബുദം എന്നല്ല പല രോഗങ്ങളടേയും ലക്ഷണമാണ്. അതിനാല്‍ കാരണങ്ങളില്ലാതെ ഭാരം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ഡോക്ടറെ കാണേണ്ടതാണ്.