പട്ന : ബോച്ഹ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ബിജെപിയുടെ ബേബി കുമാരിയും ആർജെഡിയുടെ അമർ കുമാർ പാസ്വാനുമാണു പ്രബല സ്ഥാനാർഥികൾ. കഴിഞ്ഞ തവണ എൻഡിഎ സഖ്യകക്ഷിയായിരുന്ന വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) വിജയിച്ച മണ്ഡലം ബിജെപി ഏറ്റെടുത്തു. എൻഡിഎയിൽ നിന്നു പുറത്തായ വിഐപിയുടെ സ്ഥാനാർഥിയായി ഗീതാ കുമാരിയും രംഗത്തുണ്ട്.
ആർജെഡിയുമായി സഖ്യം പിരിഞ്ഞു നിൽക്കുന്ന കോൺഗ്രസിന്റെ സ്ഥാനാർഥിയായി തരുൺ ചൗധരി മത്സരിക്കുന്നു. കഴിഞ്ഞ തവണ വിഐപി ടിക്കറ്റിൽ ജയിച്ച മുസാഫിർ പാസ്വാന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. മുസാഫിറിന്റെ മകനാണ് ആർജെഡി സ്ഥാനാർഥി അമർ കുമാർ.
പട്ടികജാതി സംവരണ മണ്ഡലമാണെങ്കിലും ബോച്ഹയിൽ ഭൂമിഹാറാണ് പ്രബല സമുദായം. ബിജെപിയോട് അനുഭാവമുള്ള ഭൂമിഹാർ സമുദായ വോട്ടിലാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥി 11,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ബോച്ഹയിൽ വിജയിച്ചത്.