ബെംഗളൂരു: കർണാടക തുമകുരു ജില്ലയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ മംഗളുരുവിലെ ബെൽത്തങ്ങാടി താലൂക്കിൽ നിന്നുള്ളവരുടേതാണെന്ന് പൊലീസ്. നിധിവേട്ടയ്ക്കിടെ കണ്ടെത്തിയതായി പറയപ്പെടുന്ന സ്വർണാഭരണങ്ങൾ വാങ്ങുന്നതിനായി പണവുമായി എത്തിയ ഇവരെ കൊലപ്പെടുത്തി പണം തട്ടിയെടുത്തതാകാമെന്ന് പൊലീസ് പറയുന്നു. സംഘത്തിൽ ആറുപേർ ഉണ്ടെന്നാണ് നിഗമനം.
നിധി വിൽക്കാനുണ്ടെന്ന പേരിലാണ് പ്രതികൾ ഇവരെ സമീപിച്ചതെന്ന് പൊലീസ് പറയുന്നു. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തി മൃതദേഹം തടാകക്കരയിൽ കൊണ്ടുവന്ന് കത്തിച്ചതാകാമെന്നും പൊലീസ് പറയുന്നു.നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പ്രതികളെ പിടികൂടുമെന്നും തുമകുരു പൊലീസ് സൂപ്രണ്ട് അശോക് കെവി പറഞ്ഞു. വെള്ളിയാഴ്ചയാണ് തുമകുരുവിലെ കുച്ചാങ്കി തടാകക്കരയിൽ നിന്ന് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.