ഡൽഹി : ഡൽഹിയിൽ അഴുക്കുചാലിൽ കുടുങ്ങിയ നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ദേശീയ ദുരന്തനിവാരണ സേന നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. മൂന്ന് ശുചീകരണ തൊഴിലാളികളും ഒരു റിക്ഷാ ഡ്രൈവറുമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി രോഹിണിയിലെ സെക്ടർ 16 ന് സമീപമാണ് അപകടം. അഴുക്കുചാലിൽ ഇറങ്ങിയ മൂന്ന് പേർ സ്വകാര്യ കരാർ ജീവനക്കാരാണെന്നും സംഭവസമയത്ത് എം.ടി.എൻ.എൽ ലൈനിൽ ജോലി ചെയ്തിരുന്നവരാണെന്നും പൊലീസ് പറഞ്ഞു. അഴുക്കുചാൽ ശുചീകരണത്തിനായി രണ്ട് പേരാണ് ആദ്യം ഇറങ്ങിയത്. ഇവരുടെ പ്രതികരണം നിലച്ചതോടെ മൂന്നാമനും ഇറങ്ങിയെന്നാണ് വിവരം.
ഏറെ നേരം കഴിഞ്ഞിട്ടും തൊഴിലാളികളെ കാണാതായതോടെ അടുത്തുണ്ടായിരുന്ന റിക്ഷാ ഡ്രൈവർ അഴുക്കുചാലിനു സമീപം എത്തി ശബ്ദമുയർത്തി. പിന്നാലെ തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവറും വീഴുകയായിരുന്നു. അഗ്നിശമനസേനാ ദേശീയ ദുരന്തനിവാരണ സേനാ എന്നിവരുടെ സംഘവുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. മറ്റൊരു മൃതദേഹം ഇന്ന് പുലർച്ചെയാണ് കണ്ടെത്തിയത്.