തിരുവനന്തപുരം ∙ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ മറ്റു തിരഞ്ഞെടുപ്പുകളെക്കുറിച്ച് ആലോചിക്കേണ്ടെന്ന് മുതിർന്ന നേതാവ് എ.കെ.ആന്റണി. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമാകണം ഇപ്പോൾ എല്ലാവരുടെയും ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ സമയമായെന്നും പാർട്ടിയിൽ ഒറ്റ സ്വരമേ പാടുള്ളൂവെന്നും കെപിസിസി നിർവാഹക സമിതി യോഗത്തിൽ എ.കെ.ആന്റണി വ്യക്തമാക്കി.
കോൺഗ്രസ് പോലൊരു പാർട്ടിയിൽ ഒരുപാട് വ്യത്യസ്ത അഭിപ്രായങ്ങൾ വരുന്നത് ഗുണം ചെയ്യും. എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങൾ എല്ലാ വിഷയങ്ങളിലും ഉണ്ടാകുന്നത് നല്ലതല്ല എന്നാണ് എ.കെ.ആന്റണി സൂചിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രാരംഭ പ്രവർത്തനങ്ങളാണ് ഇന്നത്തെ യോഗത്തിൽ ചർച്ചയായത്. ഇതിനിടെയാണ് മൂന്നര വർഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങളും ചർച്ചകളും അവസാനിപ്പിക്കേണ്ട സമയമായെന്ന് പ്രസംഗവേളയിൽ എ.കെ.ആന്റണി പരോക്ഷമായി സൂചിപ്പിച്ചത്.
കോൺഗ്രസിനെ സംബന്ധിച്ച് തൊട്ടു മുന്നിലുള്ള വെല്ലുവിളി 13 മാസം മാത്രം അകലെയുള്ള ലോക്സഭാ തിരഞ്ഞെടുപ്പാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയുടെ പ്രധാന ലക്ഷ്യം ഈ തിരഞ്ഞെടുപ്പാകണമെന്ന സന്ദേശവും ആന്റണി പങ്കുവയ്ക്കുന്നു. എംപി ആകാനല്ല, എംഎൽഎ ആകാനാണ് താൽപര്യമെന്ന് കോൺഗ്രസിന്റെ ചില ലോക്സഭാംഗങ്ങൾ പരസ്യമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് എ.കെ.ആന്റണിയുടെ പ്രസംഗം.
ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കൾ നിയമസഭാ മോഹം പരസ്യമാക്കിയതോടെയാണ് ഇക്കാര്യം സജീവ ചർച്ചയായത്. തിരുവനന്തപുരം എംപി കൂടിയായ ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് സൂചന നൽകിയിരുന്നു. നിയമസഭയിൽ മത്സരിച്ച് മുഖ്യമന്ത്രി സ്ഥാനാർഥിയായി വരാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചത് ഭിന്നപ്രതികരണങ്ങളുണ്ടാക്കി. നിയമസഭയിലേക്ക് ഒരു കൈ നോക്കാനുള്ള ആഗ്രഹം ടി.എൻ.പ്രതാപനും പരസ്യമാക്കി. വടകരയിൽ നിന്നു വീണ്ടും മത്സരിക്കുമെന്നാണ് പറഞ്ഞതെങ്കിലും കെ.മുരളീധരന്റെ പരാമർശങ്ങളും ചർച്ചയ്ക്കു തിരികൊളുത്തി.
എംപിമാരിൽ മറ്റു ചിലരും നിയമസഭാ മോഹം പങ്കുവയ്ക്കുന്നവരാണ്. ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന് കോന്നി മനസ്സിലുണ്ട്. വൈപ്പിനിൽ ഹൈബി ഈഡൻ നടത്തുന്ന നിരാഹാരസമരത്തെ നിയമസഭാ സ്ഥാനാർഥിത്വവുമായി ബന്ധപ്പെടുത്തുന്നവരുണ്ട്. അതേസമയം, പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നു പറഞ്ഞ് തന്നെപ്പറ്റിയുള്ള അഭ്യൂഹം ഹൈബി ഈഡൻ നിഷേധിച്ചു. ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ സജീവമാണെങ്കിലും എറണാകുളത്തോ തൃശൂരോ പറ്റിയ മണ്ഡലം തിരയുന്നുണ്ട് ബെന്നി ബഹനാൻ എന്നും സംശയിക്കുന്നവരുണ്ട്.