കോഴിക്കോട്: ആദിവാസി വയോധികയുടെ മൃതദേഹം എട്ട് മണിക്കൂർ ആശുപത്രിയിൽ കിടത്തേണ്ടി വന്നെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇൻക്വസ്റ്റിന് പൊലീസെത്താൻ വൈകിയതു കാരണമാണ് ആദിവാസി വയോധികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കാൻ എട്ട് മണിക്കൂറെടുത്തത്.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയും താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടും ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാർഡിൽ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മാധവിയാണ് (90) ശനിയാഴ്ച വൈകിട്ട് താമരശേരി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രയിൽ മരിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയില്ലാത്തതു കാരണമാണ് മെഡിക്കൽ കോളേജിൽ രാത്രി തന്നെ മൃതദേഹം എത്തിക്കേണ്ടിയിരുന്നത്.
എന്നാല്‍ കൂരാച്ചുണ്ട് പൊലീസ് ഉദ്യോഗസ്ഥരും ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും യഥാസമയം ആശുപത്രിയിൽ എത്തിയില്ല. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.