തിരുവനന്തപുരം: തിരുവനന്തപുരത്ത് വലിയതുറയിൽ ഗുണ്ടകള്‍ വെട്ടിനുറുക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചത് തമിഴ്നാട്ടിലെ ഗുണ്ടാത്തലവൻ പീറ്റർ കനിഷ്ക്കറെ. വലിയതുറ പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് കൊല്ലപ്പെട്ടത് തമിഴ്നാട്ടിലെ ഗുണ്ടാത്തവൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ഓഗസ്റ്റ് മാസത്തിൽ മുട്ടത്തറ സ്വീവേജ് പ്ലാന്റില്‍ നിന്ന് ലഭിച്ച ഒരു കാലിൽ നിന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ സൂചന ലഭിക്കുന്നത്. ആശുപത്രി മാലിന്യമാണെന്ന ആദ്യ നിഗമനത്തിന് ഫോറൻസിക് റിപ്പോർട്ട് വരുന്ന വരെ മാത്രമായിരുന്നു ആയുസ്സ്.
ശസ്ത്രക്രിയ ചെയ്തു മാറ്റിയ ശരീര ഭാഗമല്ലെന്നും വെട്ടി മുറിച്ചെടുത്ത കാലാണെന്നും ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. പിന്നാലെ കൊലപാതകികളെ തേടി വലിയതുറ പൊലീസ് ഇറങ്ങി. ഇതിനിടയിലാണ് തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു ഗുണ്ടയെ വീട്ടിനുള്ളിൽ വച്ച് വെട്ടിനുറുക്കിയെന്ന വിവരം പൊലീസിന് കിട്ടുന്നത്. പിന്നാലെ, ബംഗ്ലാദേശ് കോളനി സ്വദേശി മിഥുൻ രമേശിനെ പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെ ഓഗസ്റ്റ് 12ന് മനുവിന്റെ വീട്ടിൽ വച്ച് കൊലപാതകം നടന്നുവെന്ന് വ്യക്തമായി. തമിഴ്നാട്ടിലെ ഗുണ്ടാ നേതാവായ പീറ്റർ കനിഷ്ക്കറാണ് കൊല്ലപ്പെട്ടതെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തി. കനിഷ്കറിന്റെ സംഘത്തിലെ അംഗമായിരുന്നു മനു. മദ്യപാനത്തിനിടെ തർക്കമുണ്ടാകുകയും കുത്തിക്കൊലപ്പെടുത്തുക ആയിരുന്നുവെന്നും മനു മൊഴി നൽകി. തുടർന്ന്, ഇറച്ചിവെട്ടുകാരനായ സുഹൃത്ത് ഷെഹിൻ ഷായുടെ സഹായത്തോടെ പല കഷണങ്ങളാക്കി മുറിച്ച് കടലിലും തോടിലും മാലിന്യസംസ്കരണ പ്ലാന്റിലുമായി ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. തല കടലിലെറിഞ്ഞുവെന്നാണ് മൊഴി. ഇത് കണ്ടെത്താനായിട്ടില്ല.
മദ്യപാന സംഘത്തിലുണ്ടായിരുന്ന ചിലരെ വിളിച്ച് മനു കൊലപാതക വിവരം പറഞ്ഞത് തെളിവായി. ഇവരുടെ ഫോണിലെ ഓഡിയോ റെക്കോർഡും പൊലീസും വീണ്ടെടുത്തു. എന്നാൽ കനിഷ്ക്കറിനെ കാണാതായിട്ടും തമിഴ്നാട്ടിൽ ബന്ധുക്കള്‍ പരാതി നൽകാതെയിരുന്നത് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടത് കനിഷ്കറാണെന്ന് തെളിയിക്കാൻ പൊലീസ് ഡിഎൻഎ പരിശോധന നടത്തിയത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയ വിവരം വലിയതുറ പൊലീസ് കനിഷ്കറിന്റെ അമ്മയെ അറിയിച്ച ശേഷം ഡിഎൻഎ സാമ്പിൾ ശേഖരിക്കുകയായിരുന്നു. തമിഴ്നാട് പൊലീസിന്റെ ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് കനിഷ്കറും മനുവും. കനിഷ്കർക്കെതിരെ എട്ട് കേസുകളും മനുവിനെതിരെ ആറ് കേസുകളുമുണ്ട്.