പോർട്ട്ലാന്റ്: അലാസ്ക എയർലൈൻസ് വിമാനത്തിന്റെ ഒരു ഭാഗം അടർന്നുപോയതിന്റെ പശ്ചാത്തലത്തിൽ 171 ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവീസ് നിർത്തിവയ്പ്പിച്ച് അമേരിക്കൻ വ്യോമയാന ഏജൻസി. പരിശോധനകളുടെ ഭാഗമായാണ് നടപടി. 60 സർവീസുകളാണ് ഈ തീരുമാനം മൂലം റദ്ദായത്. ബോയിങ് 737 മാക്സ് 9 വിഭാഗത്തിലുള്ള 171 വിമാനങ്ങളാണ് സർവ്വീസ് നിർത്തേണ്ടി വരിക.
വെള്ളിയാഴ്ചയാണ് ടേക്ക് ഓഫിന് പിന്നാലെ 171 യാത്രക്കാരെയുമായി പോർട്ലാന്റിൽ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ഡോര്‍ ഇളകിത്തെറിച്ചതിന് പിന്നാലെ എമർജന്‍സി ലാന്‍റിംഗ് നടത്തിയിരുന്നു. 16,000 അടി ഉയരത്തില്‍ എത്തിയ ശേഷമാണ് വിമാനം തിരിച്ചിറക്കിയതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് വെബ്‍സൈറ്റുകള്‍ ലഭ്യമാക്കുന്ന വിവരം. 2023 നവംബര്‍ 11 മുതല്‍ സര്‍വീസ് തുടങ്ങി. ഇതുവരെ 142 യാത്രകള്‍ നടത്തിയ വിമാനത്തിലാണ് ആകാശമധ്യേ അതീവ ഗുരുതരമായ സുരക്ഷാ പ്രശ്നമുണ്ടായത്.
അമേരിക്കൻ വ്യോമയാന ഏജൻസിയുടെ നിർദ്ദേശമനുസരിച്ച് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ചില വിമാനങ്ങൾ സർവ്വീസിൽ നിന്ന് ഇതിനോടകം പിന്‍വലിച്ചിട്ടുണ്ട്. യുകെയിൽ 737 മാക്സ് 9 ഇനത്തിലുള്ള വിമാനങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ലണ്ടനിലെ വ്യോമയാന ഏജന്‍സി ഇതിനോടകം വിശദമാക്കിയിട്ടുള്ളത്. അതേസമയം സുരക്ഷാ വീഴ്ചയിൽ അലാസ്ക എയർലൈന്‍സ് യാത്രക്കാരോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. ഈ വിഭാഗത്തിലെ വിമാനങ്ങളിൽ അറ്റകുറ്റ പണികളും മറ്റും പൂർത്തിയാക്കിയ ശേഷം മാത്രമാകും സർവ്വീസ് പുനരാരംഭിക്കുക.
അലാസ്ക എയർലൈൻസ് അപകടത്തിനു പിന്നാലെ ബോയിംങ് വിമാനങ്ങളിൽ പരിശോധന നടത്താൻ ഡിജിസിഎയും ഉത്തരവിട്ടു. എമർജൻസി എക്സിറ്റുകളിൽ ഒറ്റ തവണ പരിശോധന പൂർത്തിയാക്കാൻ ആഭ്യന്തര വിമാനങ്ങൾക്ക് നിർദേശം നൽകി. പരിശോധന യാത്ര സമയത്തെ ബാധിക്കില്ല.