ചെന്നൈ: തമിഴ്നാട് രാജ്ഭവന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ ചെന്നൈ പൊലീസിന് പരാതി നൽകി ഗവർണറുടെ ഡെപ്യൂട്ടി സെക്രട്ടറി ഡോ. ടി സെങ്കോട്ടയ്യന്‍. മാസങ്ങളായി ഡിഎംകെ നേതാക്കൾ ഗവർണറെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയിൽ പറയുന്നു. എഫ്ഐആർ പോലും ഇടാതെ സംഭവത്തെ നിസ്സാരവത്കരിച്ചു എന്നും അതിന്റെ ഫലമാണ് ഇന്നത്തെ ആക്രമണമെന്നും പരാതിയിൽ ആരോപിക്കുന്നു. ഗവർണർക്ക് ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. യഥാർത്ഥ പ്രതികളെ കണ്ടെത്തി നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
രാജ്‌ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ കറുക്ക വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബില്ലിൽ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് തന്റെ ആക്രമണത്തിന് കാരണമെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞത്.
മുൻപ് തമിഴ്‌നാട്ടിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും ഇയാൾ ബോംബ് എറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ഡിഎംകെ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. രാജ്ഭവനെതിരെ ബോംബേറ് സ്പോൺസർ ചെയ്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ കുറ്റപ്പെടുത്തി. സംസ്ഥാനം ഗുണ്ടകളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം വിമർശിച്ചു.